ജന്തർ മന്ദിറിൽ നിരാഹാര സമരം അനുഷ്ഠിച്ചു വരികയായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പോലീസ് സമരപ്പന്തലിൽ നിന്ന് നീക്കം ചെയ്തതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപക പ്രസിഡന്റ് അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെ മുതൽ തന്റെ ഉപവാസം ആരംഭിച്ചതായി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയ ദിപ്കെ, പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് സംഘടന കടക്കുന്നതെന്ന് പ്രഖ്യാപിച്ചു. ആരും ഈ സമരത്തിൽ നിന്ന് പിന്നോട്ട് പോകരുതെന്നും പ്രതിരോധം കൂടുതൽ ശക്തമാക്കുമെന്നും അണികളോട് ആഹ്വാനം ചെയ്തു. സോനം വാങ്ചുക്കിനെ മാറ്റിയതിലൂടെ അധികാരികൾക്ക് വലിയ തെറ്റാണ് സംഭവിച്ചതെന്നും, എല്ലാവരും ജന്തർ മന്ദിറിലേക്ക് എത്തണമെന്നും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ജൂലൈ 20-ന് നടക്കുന്ന പാർലമെന്റ് മാർച്ചുമായി മുന്നോട്ട് പോകുമെന്നും സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അഭിജിത്ത് വ്യക്തമാക്കി.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ കഴിഞ്ഞ ജൂൺ 28 മുതൽ സോനം വാങ്ചുക് നടത്തിവന്ന നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ശനിയാഴ്ചയാണ് നാടകീയ നീക്കങ്ങളിലൂടെ പോലീസ് അദ്ദേഹത്തെ സമരവേദിയിൽ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ 20-ന് നിശ്ചയിച്ചിരുന്ന പാർലമെന്റ് മാർച്ചിന് 48 മണിക്കൂർ മാത്രം ബാക്കിനിൽക്കെയായിരുന്നു പൊലീസിന്റെ ഈ നടപടി. ഇതിനിടെ ജന്തർ മന്ദിറിൽ ഉണ്ടായ സംഘർഷാവസ്ഥയിൽ തന്നെ ഡൽഹി പോലീസ് ക്രൂരമായി മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി അഭിജീത് ദിപ്കെ ആരോപിച്ചു. സോനം വാങ്ചുക്കിനെ മാറ്റിയാൽ സമരം അവസാനിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും, സമരത്തിന്റെ ആവശ്യങ്ങൾ കൂടുതൽ ശക്തമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ, സോനം വാങ്ചുക്കിനെതിരായ പോലീസിന്റെ ഈ നീചമായ നടപടിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി കൂടി തങ്ങൾ ആവശ്യപ്പെടുകയാണെന്ന് ദിപ്കെ വ്യക്തമാക്കി. സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതോടെ സാരം കൂടുതൽ ശക്തമാക്കുമെന്നാണ് അഭിജിത്ത് പറയുന്നത്.








