കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്ന പാകിസ്താന് ആശ്വാസമായി മിത്ര രാജ്യങ്ങളായ സൗദി അറേബ്യയുടെയും ചൈനയുടെയും വായ്പാ ഇളവുകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) പാകിസ്താൻ തിരിച്ചടയ്ക്കേണ്ടിയിരുന്ന ശതകോടി ഡോളറിന്റെ വിദേശ വായ്പകൾ തിരിച്ചടയ്ക്കാനുള്ള കാലാവധി സൗദിയും ചൈനയും നീട്ടിനൽകിയതായി പാക് സാമ്പത്തിക കാര്യ മന്ത്രാലയം പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആകെ സാമ്പത്തിക സഹായമായ ലഭിച്ച 2,700 കോടി ഡോളറിൽ (27 ബില്യൺ) 900 കോടി ഡോളറിന്റെ വായ്പകളിലാണ് തിരിച്ചടവിന് ഇരുരാജ്യങ്ങളും സാവകാശം അനുവദിച്ചത്.
പാകിസ്താന്റെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാൻ വിദേശ വായ്പകളെ അതിയായി ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. മുൻവർഷത്തെ 2,600 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വിദേശ വായ്പകളുടെ തുക 2,700 കോടി ഡോളറായി ഉയർന്നു. സൗദി അറേബ്യ നൽകിയ 300 കോടി ഡോളറിന്റെ പുതിയ നിക്ഷേപ വായ്പയും തുക തിരിച്ചടയ്ക്കാനുള്ള കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി നൽകിയ 500 കോടി ഡോളറിന്റെ സഹായവും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ സൗദി അറേബ്യയിൽ നിന്ന് മാത്രം ആകെ 800 കോടി ഡോളറും ചൈനയിൽ നിന്ന് 400 കോടി ഡോളറും തുകയുടെ വായ്പാ കാലാവധിയാണ് നീട്ടിക്കിട്ടിയത്.
പാകിസ്താൻ സെൻട്രൽ ബാങ്കിൽ സൗദി അറേബ്യ നിക്ഷേപിച്ചിട്ടുള്ള വായ്പകൾക്ക് 4 മുതൽ 4.5 ശതമാനം വരെ പലിശയും ചൈനീസ് നിക്ഷേപങ്ങൾക്ക് 6 ശതമാനത്തിലധികം പലിശയുമാണ് പാകിസ്താൻ നൽകേണ്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിലുള്ള 300 കോടി ഡോളറിന്റെയും 500 കോടി ഡോളറിന്റെയും നിക്ഷേപങ്ങൾ തിരിച്ചടയ്ക്കാനുള്ള കാലാവധി സൗദി ഔദ്യോഗികമായി നീട്ടി നൽകിയതായി പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബും സ്ഥിരീകരിച്ചു. ചൈനയും സൗദിയും നൽകിയ ഈ താത്കാലിക ആശ്വാസം പാകിസ്താനെ ഉടനടിയുള്ള കടക്കെണിയിൽ നിന്നും പാപ്പരത്തത്തിൽ നിന്നും രക്ഷിക്കുമെങ്കിലും രാജ്യത്തിന്റെ കടബാധ്യത വൻതോതിൽ വർദ്ധിപ്പിക്കുന്നതാണ്.












