ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിച്ചുവന്ന തങ്ങളുടെ പ്രശസ്തമായ ബേബി പൗഡറും മറ്റ് ടാൽക്കം പൗഡറുകളും അണ്ഡാശയ കാൻസറിന് (Ovarian Cancer) കാരണമായെന്ന പതിനായിരക്കണക്കിന് പരാതികളിൽ ഒടുവിൽ വൻ ഒത്തുതീർപ്പിന് തയ്യാറായി പ്രമുഖ ആഗോള മരുന്ന്-ഉൽപ്പന്ന നിർമ്മാണ കമ്പനിയായ ജോൺസൺ & ജോൺസൺ (J&J). ദീർഘകാലമായി തുടരുന്ന നിയമപോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 5.5 ബില്യൺ ഡോളർ (ഏകദേശം 46,000 കോടിയലധികം ഇന്ത്യൻ രൂപ) വരെ നഷ്ടപരിഹാരമായി നൽകാനാണ് കമ്പനി ധാരണയിലെത്തിയിരിക്കുന്നത്.
അമേരിക്കയിലെ ഫെഡറൽ, സ്റ്റേറ്റ് കോടതികളിലായി നിലവിലുള്ള 70,000-ത്തോളം വരുന്ന ഹർജികളിലും പരാതികളിലുമാണ് ഈ നിർണായക തീരുമാനമുണ്ടായിരിക്കുന്നത്. അമേരിക്കയിലെ കോടതികളിൽ കെട്ടിക്കിടക്കുന്ന ആകെ കേസുകളുടെ 99 ശതമാനത്തിലധികവും പരിഹരിക്കാൻ ഈ ഒത്തുതീർപ്പിലൂടെ സാധിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാൽ പരാതിക്കാരിൽ കുറഞ്ഞത് 95 ശതമാനം പേരെങ്കിലും ഈ ഒത്തുതീർപ്പ് തുക വ്യവസ്ഥ അംഗീകരിച്ചാൽ മാത്രമേ ധാരണ പൂർണ്ണമായും പ്രാബല്യത്തിൽ വരികയുള്ളൂ.
തങ്ങളുടെ ടാൽക്കം പൗഡറുകളിൽ മാരകമായ ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്നും ഇത് പതിവായി ഉപയോഗിച്ച സ്ത്രീകൾക്ക് അണ്ഡാശയ കാൻസറും മെസോത്തെലിയോമയും (Mesothelioma) പിടിപെട്ടെന്നുമാണ് ഹർജിക്കാരുടെ പ്രധാന ആരോപണം. ടാൽക്കം പൗഡർ ഉപയോഗം കാൻസറിന് കാരണമാകില്ലെന്നും തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും കമ്പനി ഇപ്പോഴും വാദിക്കുന്നുണ്ടെങ്കിലും, പതിറ്റാണ്ടുകളായി നീളുന്ന കേസ് നടപടികൾ അവസാനിപ്പിക്കാനാണ് ഈ തുക നൽകാൻ സമ്മതിച്ചതെന്ന് കമ്പനിയുടെ ലീഗൽ വിഭാഗം വ്യക്തമാക്കുന്നു.
വിവാദങ്ങളെ തുടർന്ന് 2020-ൽ യുഎസിലും കാനഡയിലും, തുടർന്ന് 2023-ഓടെ ആഗോളതലത്തിലും ടാൽക്കം അധിഷ്ഠിത ബേബി പൗഡറുകളുടെ വിൽപ്പന ജോൺസൺ & ജോൺസൺ പൂർണ്ണമായും നിർത്തിവെച്ചിരുന്നു. പകരം കോൺസ്റ്റാച്ച് (Cornstarch) അധിഷ്ഠിതമായ പൗഡറുകളാണ് കമ്പനി ഇപ്പോൾ വിപണിയിലെത്തിക്കുന്നത്. അമേരിക്കയിൽ ഒത്തുതീർപ്പ് ധാരണയായെങ്കിലും ബ്രിട്ടൻ അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ കമ്പനിക്കെതിരായ വൻ നഷ്ടപരിഹാര കേസുകൾ ഇപ്പോഴും തുടരുകയാണ്.










