ഇന്ത്യൻ സിനിമാ ലോകം ഏറ്റവും ആകാംഷയോടെ കാത്തിരുന്ന നിതീഷ് തിവാരി ചിത്രം ‘രാമായണം: പാർട്ട് 1’-ന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ തരംഗം. ബ്രഹ്മമുഹൂർത്തത്തിൽ പുറത്തുവിട്ട നാല് മിനിറ്റോളം ദൈർഘ്യമുള്ള ബ്രഹ്മാണ്ഡ ട്രെയിലറിൽ ലങ്കാധിപതിയായ രാവണനായി എത്തുന്ന കന്നഡ സൂപ്പർ താരം യഷിന്റെ പ്രകടനവും അസാധാരണ മാസ്സ് ലുക്കുമാണ് ഇപ്പോൾ ചർച്ചകളിലെ പ്രധാന താരം. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും അവതരിക്കുന്ന ചിത്രത്തിലെ യഷിന്റെ സ്ക്രീൻ പ്രസൻസ് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗുകളിൽ ഒന്നാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
“രാവണ രാജിന്റെ ആരംഭം” പ്രഖ്യാപിക്കുന്ന മാസ്സ് ഇൻട്രൊഡക്ഷനോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. യഷിന്റെ ഗാംഭീര്യമുള്ള ശബ്‍ദവും ക്രൂരമായ രാവണരൂപവും കണ്ട് നെഞ്ചുവിറച്ചെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ. “ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച കാസ്റ്റിംഗ് വിപ്ലവം”, “സ്ക്രീനിലെ യഷിന്റെ മാസ് ആറ പഠിക്കപ്പെടേണ്ട ഒന്നാണ്” എന്നിങ്ങനെയാണ് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ ആരാധകരുടെ കമന്റുകൾ നിറയുന്നത്. ശാന്തതയും നീതിബോധവുമുള്ള ശ്രീരാമനായി രൺബീർ കപൂറും, ആത്മവിശുദ്ധിയോടെ സീതയായി സായ് പല്ലവിയും വേഷമിടുമ്പോൾ രാവണന്റെ ആധിപത്യവും ഭയപ്പെടുത്തുന്ന രൂപവുമാണ് ട്രെയിലറിന് കൂടുതൽ കരുത്ത് പകരുന്നത്.
പ്രൈം ഫോക്കസ് സ്റ്റുഡിയോസിന്റെ ബാനറിൽ നമിത് മൽഹോത്ര നിർമ്മിച്ച് ഹോളിവുഡ് വിഎഫ്എക്സ് കമ്പനിയായ ഡിഎൻഇജി (DNEG) ഒരുക്കുന്ന ഈ 4000 കോടി ബജറ്റ് ചിത്രത്തിൽ ഓസ്കാർ ജേതാക്കളായ എ.ആർ. റഹ്മാനും ഹാൻസ് സിമ്മറുമാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. ലക്ഷ്മണനായി രവി ദുബെയും കാകേയിയായി ലാറ ദത്തയും ദശരഥനായി അരുൺ ഗോവിലും വേഷമിടുന്നു. 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന രാമായണം ഇന്ത്യാമഹാരാജ്യത്തെ സിനിമാ ചരിത്രത്തിൽ തന്നെ പുതിയ റെക്കോർഡുകൾ കുറിക്കുമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യത വ്യക്തമാക്കുന്നത്.










