2047-ഓടെ ഇന്ത്യയെ പൂർണ്ണ വികസിത രാഷ്ട്രമാക്കുമെന്ന ദൃഢനിശ്ചയത്തിൽ പ്രതിരോധ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് രാജ്യം ഒരുങ്ങുന്നു. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ആയുധങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേനയെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ പോരാളികളാക്കി മാറ്റുമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് വ്യക്തമാക്കി. ന്യൂഡൽഹിയിൽ പ്രതിരോധ മേഖലയിലെ പ്രമുഖരുടെ യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി ഭാരതത്തിന്റെ ഭാവി സുരക്ഷാ നയം വ്യക്തമാക്കിയത്.
സമാധാനത്തിലും ‘വസുധൈവ കുടുംബകം’ എന്ന ആപ്തവാക്യത്തിലുമാണ് ഭാരതം വിശ്വസിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഏതെങ്കിലും കോണിൽ നിന്ന് ഭീഷണിയുണ്ടായാൽ അതിന് അതിശക്തമായ മറുപടി നൽകാൻ സൈന്യം സജ്ജമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ഇന്ത്യൻ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത് സമാധാനവും മനുഷ്യക്ഷേമവുമാണ്. എന്നാൽ ഭീകരവാദത്തിലൂടെ നമ്മെ ഭീഷണിപ്പെടുത്താനോ ഭാരതത്തിന് നേരെ കണ്ണുരുട്ടാനോ ആരെങ്കിലും തുനിഞ്ഞാൽ, ശിവന്റെ താണ്ഡവ രൂപത്തിൽ മറുപടി നൽകാനും നമുക്കറിയാം,” എന്ന് സഞ്ജയ് സേത്ത് കർശന മുന്നറിയിപ്പ് നൽകി.
മുന്നണിയിൽ പോരാടുന്ന സൈനികൻ ഒരിക്കലും ഒറ്റയ്ക്കല്ലെന്നും, അവരുടെ വിജയഗാഥകൾ രൂപപ്പെടുന്നത് രാജ്യത്തെ പ്രതിരോധ നിർമ്മാണശാലകളിലാണെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ ഏത് വൻകിട സ്റ്റാർട്ടപ്പുകളോടും കിടപിടിക്കാൻ ശേഷിയുള്ള യുവതലമുറയും സാങ്കേതികവിദ്യയും ഇന്ന് ഭാരതത്തിനുണ്ട്. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഈ യാത്ര ഒരു സ്വപ്നം മാത്രമല്ല, തീരുമാനിച്ച ലക്ഷ്യമാണെന്നും, ഭാവി യുദ്ധതന്ത്രങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പുതിയ സാങ്കേതികവിദ്യകൾ വേഗത്തിൽ വികസിപ്പിച്ചെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.









