ലോകത്തെ ഒന്നാകെ പിടിച്ചുലച്ച ഗാസാ യുദ്ധത്തിന് ആശ്വാസകരമായ അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപ്രധാനമായ കരാറിൽ എത്തിച്ചേർന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള മുഴുവൻ സായുധ സംഘങ്ങളെയും പൂർണ്ണമായി നിരായുധരാക്കാനുള്ള ‘ബോർഡ് ഓഫ് പീസ്’ സുപ്രധാന ധാരണയിലെത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചു. ഈ നീക്കം ഗാസയിൽ പുതിയ പലസ്തീൻ ഭരണകൂടം നിലവിൽ വരുന്നതിനും പ്രദേശത്ത് നിന്ന് ഇസ്രയേൽ സൈന്യം ഘട്ടംഘട്ടമായി പിൻവാങ്ങുന്നതിനും വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ ശാശ്വതമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള മഹത്തായ ചുവടുവെപ്പാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും പക്കലുള്ള ആയുധങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുന്നതോടെ ഇസ്രയേൽ പ്രതിരോധ സേന ഗാസാ അതിർത്തിക്കുള്ളിൽ നിന്ന് പൂർണ്ണമായും പിന്മാറും. തുടന്ന് സാധാരണക്കാരായ ഗാസാ നിവാസികൾക്ക് സുരക്ഷയും സഹായവും ഉറപ്പാക്കുന്നതിനായി ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സും പുതിയ പലസ്തീൻ പോലീസ് സേനയും സംയുക്തമായി പ്രവർത്തിക്കും. സമാധാന കരാറിനായി മധ്യസ്ഥത വഹിച്ച ഈജിപ്ത്, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ ശ്രമങ്ങളെ ട്രംപ് പ്രത്യേകം പ്രശംസിച്ചു.
അതേസമയം, യുദ്ധത്തിന് വഴിവെച്ച ആയുധങ്ങൾ പൂർണ്ണമായും ഒഴിഞ്ഞുവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കരാറിലെത്തിയതായി മുതിർന്ന ഹമാസ് നേതാവും അന്താരാഷ്ട്ര വാർത്താ ഏജൻസികളോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേൽ സൈന്യത്തിന്റെ പൂർണ്ണ പിന്മാറ്റത്തിന് ധാരണയായിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കുന്നുണ്ടെങ്കിലും, കരാറിനെക്കുറിച്ചും ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ചും ഇസ്രയേൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല








