സംസ്ഥാനത്ത് വരും ദിവസങ്ങളിലും പ്രളയസമാനമായ സാഹചര്യം സൃഷ്ടിച്ച് മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് (ഓഗസ്റ്റ് 4) എട്ട് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശമായ റെഡ് അലേർട്ട് (Red Alert) പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് നിലവിലുള്ളത്.
റെഡ് അലേർട്ടിന് പുറമെ ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും (Orange Alert) തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ (Yellow Alert) അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും (ഓഗസ്റ്റ് 5) സംസ്ഥാനത്തുടനീളം കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഒൻപത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടായിരിക്കും. ഓഗസ്റ്റ് 6-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ മഞ്ഞ അലേർട്ടും തുടരും. ഓഗസ്റ്റ് 7-ന് 14 ജില്ലകളിലും ഓഗസ്റ്റ് 8-ന് 8 ജില്ലകളിലും മഞ്ഞ അലേർട്ട് നിലനിൽക്കുമെന്നും മുന്നറിയിപ്പുണ്ട്.
മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള തീവ്ര മേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം മുൻകരുതലായി സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറി താമസിക്കേണ്ടതാണ്. നദികളിലും ജലാശയങ്ങളിലും ഇറങ്ങുന്നതും രാത്രികാലങ്ങളിൽ മലയോര മേഖലകളിലൂടെയുള്ള യാത്രകളും പൂർണ്ണമായും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി.












