റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങൾ ഇരട്ട ആക്രമണത്തിന് (‘Pincer Attack’) പദ്ധതിയിടുന്നതായി കടുത്ത മുന്നറിയിപ്പ്. യെമനിലെ ഹൂതി വിമതരും ഇറാഖിലെ ഷിയാ മിലിഷ്യകളും ചേർന്ന് സൗദിയെ വടക്കുനിന്നും തെക്കുനിന്നും ഒരേസമയം ആക്രമിക്കാൻ ഒരുങ്ങുന്നതായി പ്രമുഖ അന്താരാഷ്ട്ര വാർത്താ മാധ്യമമായ സി.എൻ.എൻ (CNN) റിപ്പോർട്ട് ചെയ്തു. സൗദി രഹസ്യാന്വേഷണ ഏജൻസികൾക്കും പ്രാദേശിക ഇന്റലിജൻസ് വിഭാഗങ്ങൾക്കും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ നീക്കം നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. യെമനിൽ നിന്ന് ഹൂതികൾ തെക്കൻ അതിർത്തി വഴിയും, ഇറാഖിലെ കതായിബ് ഹിസ്ബുള്ള ഉൾപ്പെടെയുള്ള സായുധ സംഘങ്ങൾ വടക്കൻ അതിർത്തി വഴിയും ഒരേസമയം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതിയിടുന്നത്. സൗദിയുടെ എണ്ണപ്പാടങ്ങൾ, ഊർജ്ജ നിലയങ്ങൾ, വാണിജ്യ തുറമുഖങ്ങൾ, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ തുടങ്ങിയ സാമ്പത്തിക സ്ട്രാറ്റജിക് കേന്ദ്രങ്ങളാണ് പ്രധാന ലക്ഷ്യം. ആക്രമണത്തിനായി ഡ്രോണുകളും മിസൈലുകളും ഇതിനോടകം സജ്ജമാക്കി കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
മേഖലയിൽ സമാധാനം നിലനിർത്താനാണ് സൗദി ആഗ്രഹിക്കുന്നതെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തിന്മേൽ ഉണ്ടാകുന്ന ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് മുതിർന്ന സൗദി ഭരണാധികാരികൾ വ്യക്തമാക്കി. ഇറാഖി മിലിഷ്യ വിഭാഗങ്ങളായ കതായിബ് ഹിസ്ബുള്ള, ഹരകത്ത് ഹിസ്ബുള്ള അൽ നുജബ എന്നിവർ ഹൂതികൾക്ക് ആവശ്യമായ ആയുധങ്ങളും മറ്റ് ലോജിസ്റ്റിക്സ് സഹായങ്ങളും നൽകുന്നുണ്ടെന്നാണ് മിഡിൽ ഈസ്റ്റ് ഫോറം വിലയിരുത്തുന്നത്. സൗദിക്ക് നേരെയുണ്ടാകുന്ന ഇത്തരം ഭീഷണികൾ ഗൾഫ് മേഖലയിലെ സമാധാന അന്തരീക്ഷത്തെയും ആഗോള എണ്ണവിപണിയെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങൾ.












