സാമ്പത്തിക ഭീകര പ്രതിസന്ധികളിൽ ഉലയുന്ന പാകിസ്താനിൽ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് (Military Coup) കളമൊരുങ്ങുന്നതായി ശക്തമായ അഭ്യൂഹങ്ങൾ. രാജ്യത്തെ നിലവിലെ സിവിലിയൻ ഭരണസംവിധാനം പൂർണ്ണമായും തകർന്നു കഴിഞ്ഞുവെന്ന പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വിയുടെ ഞെട്ടിക്കുന്ന പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് അട്ടിമറി നീക്കങ്ങൾ സജീവമായെന്ന റിപ്പോർട്ടുകൾ ശക്തമായത്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന വ്യക്തിയാണ് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി.
പഴയതുപോലെ ഇനി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും ഭരണസംവിധാനം നിശ്ചലമായെന്നുമാണ് നഖ്വി തുറന്നടിച്ചത്. സൈനിക മേധാവിയുടെ വക്താവായി അറിയപ്പെടുന്ന നഖ്വിയുടെ നാവിൽ നിന്ന് തന്നെ സിവിലിയൻ ഭരണകൂടം പരാജയപ്പെട്ടുവെന്ന സമ്മതിക്കൽ വന്നത് സൈന്യത്തിന് അധികാരം പിടിച്ചെടുക്കാനുള്ള മുന്നോടിയാണെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിൽ പ്രധാനമന്ത്രി സ്ഥാനത്ത് ഷെഹ്ബാസ് ഷെരീഫ് തുടരുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സർവ്വാധികാരിയായി ഫീൽഡ് മാർഷൽ ആസിം മുനീർ മാറിക്കഴിഞ്ഞു. രാജ്യത്തെ ജനസംഖ്യാ നിയന്ത്രണം, ആണവ കമാൻഡ്, ആഭ്യന്തര സുരക്ഷ, വിദേശ നയതന്ത്രം തുടങ്ങി സർക്കാരിന്റെ മുഴുവൻ മേഖലകളിലും അന്തിമ തീരുമാനമെടുക്കുന്നത് സൈന്യമാണ്.
പാകിസ്താനിലെ നിലവിലെ ജനാധിപത്യ രാഷ്ട്രീയ ക്രമം അട്ടിമറിച്ച് പുതിയൊരു സംവിധാനം കൊണ്ടുവരാൻ സൈന്യം പദ്ധതിയിടുന്നതായി മുൻ പാക് സൈനിക ഉദ്യോഗസ്ഥനായ ആദിൽ രാജ വെളിപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഒരു പുതിയ സൈനിക ഭരണകൂടമാകും വരാൻ പോകുന്നത്. പുതിയ മാറ്റത്തോടെ ആസിം മുനീർ പാകിസ്താന്റെ പ്രസിഡന്റായും മൊഹ്സിൻ നഖ്വി പുതിയ പ്രധാനമന്ത്രിയായും ചുമതലയേൽക്കാൻ വലിയ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.












