1947 ഓഗസ്റ്റിൽ ഇന്ത്യയും പാകിസ്താനും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി പിരിഞ്ഞുവെങ്കിലും, ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥ പെട്ടെന്ന് വേർപിരിഞ്ഞിരുന്നില്ല എന്ന അത്യപൂർവ്വമായ ചരിത്ര വസ്തുത വീണ്ടും ശ്രദ്ധേയമാകുന്നു. വിഭജനത്തിന് ശേഷം നീണ്ട 11 മാസത്തോളം പാകിസ്താന്റെ കേന്ദ്ര ബാങ്കായി (Central Bank) പ്രവർത്തിച്ചത് ഇന്ത്യയുടെ റിസർവ് ബാങ്ക് (RBI) ആയിരുന്നു! സ്വന്തമായി ഒരു കേന്ദ്ര ബാങ്കും സാമ്പത്തിക അടിത്തറയും രൂപീകരിക്കുന്നത് വരെ പാകിസ്താന്റെ കറൻസിയും സർക്കാർ ബാങ്കിംഗ് ഇടപാടുകളും നിയന്ത്രിച്ചത് ആർ.ബി.ഐ ആയിരുന്നു.
1935-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്ര ബാങ്കായി സ്ഥാപിതമായ ആർ.ബി.ഐക്ക് കറാച്ചിയിലും ലാഹോറിലും കറൻസി ഓഫീസുകൾ ഉണ്ടായിരുന്നു. വിഭജനത്തിന് ശേഷം ഈ രണ്ട് പ്രദേശങ്ങളും പാകിസ്താന്റെ ഭാഗമായെങ്കിലും, പുതിയ ഭരണകൂടത്തിന് സ്വന്തമായി ഒരു ബാങ്ക് രൂപീകരിക്കാനോ ഉദ്യോഗസ്ഥരെ നിയമിക്കാനോ സമയമെടുത്തു. സാമ്പത്തിക മേഖല പൂർണ്ണമായി സ്തംഭിക്കാതിരിക്കാൻ ‘പാകിസ്താൻ (മോണിറ്ററി സിസ്റ്റം ആൻഡ് റിസർവ് ബാങ്ക്) ഓർഡർ 1947’ പ്രകാരം ആർ.ബി.ഐ തന്നെ പാകിസ്താന്റെയും ബാങ്കായി തുടരുകയായിരുന്നു. ഈ ഘട്ടത്തിൽ ആർ.ബി.ഐ പൂർണ്ണമായി ദേശസാൽക്കരിക്കപ്പെട്ടിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.
ഈ അപൂർവ്വ കാലഘട്ടത്തിന്റെ ഏറ്റവും വലിയ തെളിവ് അന്ന് ഇറക്കിയ നോട്ടുകളായിരുന്നു. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 1, 2, 5, 10, 100 രൂപ നോട്ടുകളുടെ മുകളിൽ ഇംഗ്ലീഷിൽ ‘ഗവൺമെന്റ് ഓഫ് പാകിസ്താൻ’ (Government of Pakistan) എന്നും ഉർദുവിൽ ‘ഹകൂമത്-ഇ-പാകിസ്താൻ’ (Hakumat-e-Pakistan) എന്നും രേഖപ്പെടുത്തിയാണ് പാകിസ്താനിൽ വിതരണം ചെയ്തത്. നോട്ടുകളുടെ രൂപകൽപ്പനയും ചിത്രങ്ങളും ഭാരതീയമായിരുന്നെങ്കിലും മുകളിലെ സീൽ പാകിസ്താന്റേതായിരുന്നു.
ഒടുവിൽ 1948 മെയ് 12-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ പാകിസ്താൻ സ്വന്തം കേന്ദ്ര ബാങ്കായ ‘സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ’ രൂപീകരിച്ചു. 1948 ജൂൺ 30-ഓടെ പാകിസ്താനുമായുള്ള ആർ.ബി.ഐയുടെ ദൗത്യം അവസാനിച്ചു. 1948 ജൂലൈ 1-ന് കറാച്ചിയിൽ സാഹിദ് ഹുസൈൻ ഗവർണറായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതോടെയാണ് പാകിസ്താന്റെ സാമ്പത്തിക മേഖലയിൽ ആർ.ബി.ഐയുടെ അധ്യായം പൂർണ്ണമായും അവസാനിച്ചത്.








