വിവാദപരമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിശ്വാസ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കനത്ത തിരിച്ചടിയായി ജാമ്യമില്ലാ വാറണ്ട്. കേസിൽ പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ തുടർനടപടികളിൽ നിന്ന് പ്രതികൾ തുടർച്ചയായി വിട്ടുനിന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർണ്ണായക നടപടി. കേസിൽ തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാൻ പ്രതികൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും മൂവരും ഹാജരായിരുന്നില്ല.
വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങൾ വനംവകുപ്പിന്റെ സാധുവായ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ വ്യവസായിക്ക് വിൽപന നടത്തി വിശ്വാസവഞ്ചന കാണിച്ചെന്നാണ് കേസ്. എറണാകുളത്തെ പ്രമുഖ മരക്കമ്പനി ഉടമയായ അലിയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021-ലാണ് അമ്പലമേട് പോലീസ് റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.
മരം കൊണ്ടുപോകാൻ പ്രത്യേക അനുമതി പത്രമായ ‘ഫോം 3’ ആവശ്യമില്ലെന്നും തങ്ങൾക്കെതിരെയുള്ള വിശ്വാസവഞ്ചനാ കേസ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി അഗസ്റ്റിൻ സഹോദരന്മാർ ആദ്യം ചോറ്റാനിക്കര കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി കീഴ്‌കോടതി തള്ളിയതിനെ തുടർന്ന് പ്രതികൾ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും പ്രതികളുടെ വാദം പൂർണ്ണമായി തള്ളുകയായിരുന്നു. ഇതേത്തുടർന്ന് വിചാരണ നടപടികൾ തുടരുന്നതിനിടയിലാണ് പ്രതികൾ കോടതിയിൽ ഹാജരാകാതിരുന്നതും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതും.












