തലയ്ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) വനിതാ നേതാവ് പൊലീസിൽ കീഴടങ്ങി. സിപിഐ (മാവോയിസ്റ്റ്) പ്രമുഖ നേതാവും സജീവ പ്രവർത്തകയുമായ കകരാല സമതയാണ് (60) തെലങ്കാന ഡി.ജി.പി സി.വി. ആനന്ദിന് മുൻപാകെ തിങ്കളാഴ്ച വൈകിട്ടോടെ കീഴടങ്ങിയത്. കമ്യൂണിസ്റ്റ് ഭീകര നേതാവും പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ തലവനുമായിരുന്ന പട്ടേൽ സുധാകർ റെഡ്ഡിയുടെ ഭാര്യയാണ് സമത. 2009 മെയ് 24ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് സുധാകർ റെഡ്ഡി കൊല്ലപ്പെട്ടത്.
പ്രമുഖ ചലച്ചിത്ര നടനായിരുന്ന അന്തരിച്ച കകരാല സത്യനാരായണയുടെ മകളായ സമത ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരം സ്വദേശിനിയാണ്. 1984-ൽ സിപിഐ (എംഎൽ) പീപ്പിൾസ് വാറിന്റെ വിദ്യാർഥി വിഭാഗമായ റാഡിക്കൽ സ്റ്റുഡന്റ്സ് യൂണിയനിലൂടെയാണ് (RSU) ഇവർ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഴുവൻസമയ പ്രവർത്തകയായി മാറുകയായിരുന്നു. 2009 മുതൽ 2015 വരെ അന്നത്തെ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി മുപ്പല ലക്ഷ്മണ റാവു എന്ന ഗണപതിയുടെ കോർ ടീമിൽ സമത നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. പിന്നീട് ദക്ഷിണ മേഖലാ ബ്യൂറോയിൽ പ്രവർത്തിച്ച അവർ നഗരമേഖലകളിലെ സ്ത്രീകളുടെ പ്രശ്നങ്ങളും രഹസ്യാന്വേഷണ പ്രവർത്തനങ്ങളും കൈകാര്യം ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.
സമതയുടെ കുടുംബവും കമ്യൂണിസ്റ്റ് ഭീകര പ്രസ്ഥാനത്തിൽ സജീവമായിരുന്നു. മൂത്ത സഹോദരി കകരാല സുനിത, ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം ഓഗസ്റ്റ് 21ന് ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിയിരുന്നു. സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രസ്ഥാനം ഏറെക്കുറെ പൂർണ്ണമായി ഇല്ലാതായ സാഹചര്യത്തിലാണ് താനും കീഴടങ്ങാൻ തീരുമാനിച്ചതെന്ന് സമത വ്യക്തമാക്കി. കീഴടങ്ങിയ സമതയ്ക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള സാമ്പത്തിക സഹായവും പുനരധിവാസ ആനുകൂല്യങ്ങളും നൽകുമെന്ന് ഡി.ജി.പി സി.വി. ആനന്ദ് അറിയിച്ചു. അടിയന്തര സഹായമായി 25,000 രൂപ ഇതിനകം കൈമാറിയിട്ടുണ്ട്. തലയ്ക്ക് പ്രഖ്യാപിച്ചിരുന്ന 20 ലക്ഷം രൂപ പാരിതോഷികവും ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ നൽകുമെന്ന് പൊലീസ് അറിയിച്ചു. തെലങ്കാനയിൽ ഇനി ഗണപതി, ജഡ രത്‌ന ബായി എന്ന സുജാത, വർത്ത ശേഖർ എന്ന മംഗ്തു എന്നീ മൂന്ന് മാവോയിസ്റ്റ് നേതാക്കൾ മാത്രമാണ് നിലവിൽ ഒളിവിൽ കഴിയുന്നതെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.










