ഏഴു വയസ്സുള്ളപ്പോൾ ലൈംഗിക അതിക്രമത്തിനിരയായ പത്തുവയസ്സുകാരിയായ അതിജീവിതയോട് വിചാരണക്കോടതി ജഡ്ജി കുറിച്ച വാക്കുകൾ രാജ്യമനസ്സാക്ഷിയെത്തന്നെ തൊട്ടുണർത്തുകയാണ്. ഡൽഹി രോഹിണി പോക്‌സോ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി രജനി രംഗയാണ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനൊപ്പം കുഞ്ഞിനായി വികാരനിർഭരമായ സന്ദേശം നൽകിയത്. പ്രതിയായ സുമിത് ശാക്യ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെ, വിചാരണക്കോടതിയുടെ ഈ സന്ദേശം രണ്ടു ആഴ്ചയ്ക്കുള്ളിൽ ഡൽഹി ലീഗൽ സർവീസസ് അതോറിറ്റി (DLSA) മുഖേന അതിജീവിതയ്ക്കോ കുടുംബത്തിനോ നേരിട്ട് കൈമാറണമെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.
ബുധ് വിഹാർ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഏഴു വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ അയൽവാസിയുടെ അതിക്രമമുണ്ടായത്. വിചാരണ വേളയിൽ ‘താൻ അങ്കിൾ എന്ന് വിളിച്ചിരുന്നയാൾ വയസ്സനാകുന്നതുവരെ ജയിലിൽ തന്നെ കിടക്കണം’ എന്ന് ഈ കൊച്ചുമകൾ കോടതിയിൽ കേണപേക്ഷിച്ചിരുന്നു. ഈ വാക്കുകൾക്ക് മറുപടിയായാണ് നിയമഭാഷ മാറ്റിവെച്ച് ഹൃദയസ്പർശിയായ കുറിപ്പ് ജഡ്ജി തയ്യാറാക്കിയത്.
“പ്രിയപ്പെട്ട കുഞ്ഞേ, ഈ കോടതി നിന്റെ വാക്കുകൾ കേട്ടു. ‘അങ്കിൾ എന്ന് വിളിച്ചയാൾ വയസ്സനാകുന്നതുവരെ ജയിലിൽ കിടക്കണം’ എന്ന നിന്റെ ആവശ്യത്തിന് ഉത്തരമേകുകയാണ്. അയാൾ ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ല. തന്റെ ജീവിതകാലം മുഴുവൻ ഒരു കൂട്ടിനുള്ളിൽ എന്നപോലെ അയാൾ ജയിലിൽ കിടക്കും, അവിടെക്കിടന്ന് വയസ്സനാകും, അവിടെക്കിടന്ന് മരിക്കും. നിന്നെയും നിന്റെ അനിയത്തിയെയും മറ്റ് കുട്ടികളെയും ഉപദ്രവിക്കാൻ അയാൾക്ക് ഇനി ഒരിക്കലും കഴിയില്ല,” എന്ന് ജഡ്ജി തന്റെ സന്ദേശത്തിൽ കുറിച്ചു.
“ഈ കോടതി കണ്ടതിൽ വെച്ച് ഏറ്റവും ധീരയായ പെൺകുട്ടിയാണ് നീ. ഉപദ്രവിച്ചയാളെ കോടതിയിൽ വന്ന് ചൂണ്ടിക്കണിച്ച് നീ ധൈര്യത്തോടെ സത്യം പറഞ്ഞു. നിന്റെ നഷ്ടപ്പെട്ട കുട്ടിക്കാലം തിരികെ നൽകാൻ ഈ കോടതിക്ക് കഴിയില്ലെങ്കിലും, നിന്റെ വാക്കുകൾ ഞങ്ങൾ കേട്ടുവെന്ന് ഉറപ്പുനൽകുന്നു. ഇനി ധൈര്യത്തോടെ ജീവിക്കൂ, സ്‌കൂളിൽ പോകൂ, കളിക്കൂ, ചിരിക്കൂ, സ്വപ്നം കാണൂ… നിന്റെ ധൈര്യം ഈ കോടതി എന്നും ഓർക്കും,” ജഡ്ജി കൂട്ടിച്ചേർത്തു.
പ്രതിക്ക് ശിക്ഷ ഇളവ് നൽകാനോ തടവ് മരവിപ്പിക്കാനോ ഹൈക്കോടതി തയ്യാറായില്ല. അതിജീവിതയ്ക്ക് 10.50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജഡ്ജിയുടെ അതിവൈകാരികമായ ഈ സന്ദേശം അച്ചടിച്ച് കുട്ടിയുടെ കരങ്ങളിൽ എത്തിയെന്ന് ഡിഎൽഎസ്എ ഉറപ്പുവരുത്തണം.











