നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ISIS) പ്രചാരണ മാസികയായ ‘വോയിസ് ഓഫ് ഹിന്ദ്’ (Voice of Hind) മുഖേന യുവാക്കളെ ബ്രയിൻവാഷ് നടത്തി ഭീകരപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്ത കേസിൽ 4 പ്രതികൾക്ക് തടവുശിക്ഷയും പിഴയും വിധിച്ച് ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി. ന്യൂഡൽഹി റൗസ് അവന്യൂവിലെ വികാസ് ധൂൾ അധ്യക്ഷനായ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ശിക്ഷാ വിധി.
പ്രതികളായ ഉമർ നിസാർ എന്ന ഖാസിം ഖുറാസാനി, റമീസ് അഹമ്മദ് ലോൺ, തൻവീർ അഹമ്മദ് ഭട്ട് എന്നിവർക്ക് 6 വർഷം വീതം കഠിനതടവും, അഫ്ഷാൻ പർവേസ് ജറാബിക്ക് 5 വർഷം കഠിനതടവുമാണ് വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഉമർ നിസാറിന് 36,000 രൂപയും, റമീസ് അഹമ്മദിന് 31,000 രൂപയും, തൻവീറിന് 23,000 രൂപയും, അഫ്ഷാന് 9,000 രൂപയും കോടതി പിഴ ചുമത്തി. യുഎപിഎ (UAPA), ഐപിസി (IPC) ലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
2021-ലാണ് രാജ്യത്ത് ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയും യുവാക്കളിൽ തീവ്രവാദം കുത്തിവെക്കുകയും ചെയ്ത ‘വോയിസ് ഓഫ് ഹിന്ദ്’ ഗൂഢാലോചന കേസിൽ എൻഐഎ അന്വേഷണം ആരംഭിച്ചത്. ‘സൗത്ത് അൽ ഹിന്ദ്’ എന്ന പേരിൽ ഓൺലൈൻ വഴി വിതരണം ചെയ്ത മാസികയിലൂടെ ടെലഗ്രാം ഉൾപ്പെടെയുള്ള ആപ്പുകൾ വഴി ഐഎസ് ആശയം പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ പ്രധാന രീതി. കൂടാതെ ഐഎസ് കേന്ദ്രങ്ങളായ സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് “ഹിജ്റ” എന്ന പേരിൽ ആളുകളെ അയക്കാനും ഇവർ ശ്രമിച്ചിരുന്നു.
അന്വേഷണ വേളയിൽ പ്രതികളിൽ നിന്ന് മാസികയുടെ പിഡിഎഫുകൾ, കൊല്ലപ്പെട്ട ഭീകരരുടെ പോസ്റ്ററുകൾ, ആയുധ ശേഖരണവുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശങ്ങൾ, ഐഎസ് പതാകകൾ എന്നിവ അടക്കമുള്ള നിർണായക രേഖകൾ എൻഐഎ പിടിച്ചെടുത്തിരുന്നു. കേസിൽ ആകെ 8 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കുറ്റം സമ്മതിച്ച 4 പേരുടെ ശിക്ഷ പൂർത്തിയായതോടെ ശേഷിക്കുന്ന പ്രതികൾക്കെതിരെയുള്ള വിചാരണ നടപടികൾ കോടതിയിൽ തുടരുകയാണ്.











