രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15-ന് കേരളത്തിലുടനീളം 15,000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി ‘വന്ദേമാതരം’ പൂർണ്ണരൂപത്തിൽ ആലപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിൽ പാർട്ടി പ്രവർത്തകരും രാജ്യസ്നേഹികളായ ജനങ്ങളും ഒത്തുചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകും.
ദേശീയ ഐക്യത്തിന്റെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും പ്രതീകമായ ‘വന്ദേമാതര’ത്തെ അപമാനിക്കുന്നതിനും വർഗ്ഗീയ-രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുന്നതിനുമുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനും ‘വികസിത ഭാരതം’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമുള്ള പോരാട്ടത്തിൽ ബി.ജെ.പി എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഐക്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് നിരന്തരം രാഷ്ട്രീയ പിന്തുണയും സംരക്ഷണവും നൽകുന്ന സമീപനമാണ് സി.പി.എമ്മും കോൺഗ്രസും സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകൾ തിരിച്ചറിയാനുള്ള ബോധം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യദിനത്തിൽ എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ത്രിവർണ്ണ പതാക ഉയർത്തണമെന്നും ദേശഭക്തി മന്ത്രമായ വന്ദേമാതരം പൂർണ്ണരൂപത്തിൽ ഏറ്റുപാടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.












