എറണാകുളം : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലറെ ഉപരോധിച്ച് ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലയുടെ ചുമതല വഹിക്കുന്ന വിസി ഡോ. സിസ തോമസ് നൽകിയ പരാതിയിലാണ് പോലീസ് ദ്രുതഗതിയിലുള്ള നടപടി സ്വീകരിച്ചത്. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായ വിദ്യാർഥികൾ. വിസിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും സർവകലാശാല വളപ്പിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസിന്റെ ഈ നടപടി.
ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് യോഗത്തിനിടെ എസ്എഫ്ഐ നടത്തിവന്ന പ്രതിഷേധമാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്. ഓഫീസ് റൂമിനുള്ളിൽ കയറി വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും മണിക്കൂറുകളോളം തടഞ്ഞുവെച്ചതായും, ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തനിക്ക് നേരെ വ്യക്തിപരമായ അധിക്ഷേപവും ശാരീരിക കയ്യേറ്റ ശ്രമവും ഉണ്ടായെന്ന് വ്യക്തമാക്കി ഡോ. സിസ തോമസ് പോലീസിനും സർക്കാരിനും ഗവർണർക്കും നേരിട്ട് പരാതി നൽകുകയായിരുന്നു.
അതേസമയം, സംഘർഷത്തെ തുടർന്ന് സംസ്ഥാനത്തെ 10 വിസിമാർ സംയുക്ത പ്രസ്താവനയിലൂടെ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു. വിദ്യാർഥികളുടെ സമരം ക്രമസമാധാന പ്രശ്നമായി മാറിയ പശ്ചാത്തലത്തിൽ ക്യാമ്പസ് വളപ്പിൽ വൻ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ നാല് പേർക്ക് പുറമെ കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന മറ്റ് പലർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.









