ഗർഭിണികളായ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസകരമായ സുപ്രധാന തീരുമാനവുമായി കേരള പോലീസ്. ഗർഭകാലത്ത് ഡ്യൂട്ടിയിലുള്ള വനിതാ ഓഫീസർമാർക്ക് ഇളവുകളോടെയുള്ള പുതിയ യൂണിഫോം ധരിക്കാൻ അനുമതി നൽകി പോലീസ് ആസ്ഥാനത്ത് നിന്ന് ഉത്തരവിറങ്ങി ഇനി മുതൽ ഇവർക്ക് ഡ്യൂട്ടി സമയത്ത് പരമ്പരാഗത യൂണിഫോമിന് പകരം കാക്കി സൽവാറും കമ്മീസും ഷാളും ധരിക്കാം. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നു.
ഗർഭകാലത്ത് ഇറുകിയ ബെൽറ്റും പാന്റും കനത്ത ഹെവി ബൂട്ടുകളും ധരിച്ച് മണിക്കൂറുകളോളം ജോലി ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥരിൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് പോലീസിലെ ഈ ചരിത്രപരമായ തീരുമാനം പുതിയ നിർദ്ദേശപ്രകാരം കാക്കി സൽവാർ കമ്മീസിനൊപ്പം ഷാളും, കനത്ത പോലീസ് ബൂട്ടുകൾക്ക് പകരം ലളിതവും സുഖകരവുമായ ചെരുപ്പുകളും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഈ മാറ്റം നിർബന്ധമല്ലെന്നും പൂർണ്ണമായും ഉദ്യോഗസ്ഥരുടെ സൗകര്യത്തിനും താത്പര്യത്തിനും അനുസരിച്ച് തിരഞ്ഞെടുക്കാമെന്നും പോലീസ് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥ ഹർഷിത അട്ടല്ലൂരിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത് . നിലവിലുള്ള പോലീസ് സ്റ്റാൻഡിങ് ഓർഡറുകളിലോ യൂണിഫോം ചട്ടങ്ങളിലോ ഗർഭകാല വസ്ത്രധാരണത്തെക്കുറിച്ച് പ്രത്യേക ഇളവുകൾ ഇല്ലാതിരുന്നതിനാൽ വനിതാ പോലീസുകാർ വലിയ പ്രയാസം സഹിച്ചാണ് ജോലി ചെയ്തിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മാനദണ്ഡങ്ങൾ സമഗ്രമായി പരിശോധിച്ച്, ഭരണഘടന ഉറപ്പുനൽകുന്ന ലിംഗനീതി മുൻനിർത്തി കേരള പോലീസിനെ കൂടുതൽ സ്ത്രീസൗഹാർദ്ദമാക്കാനുള്ള നടപടിയെ സേനയ്ക്കകത്തും പുറത്തും വലിയ രീതിയിലാണ് പ്രശംസിക്കുന്നത്.












