ഗുവാഹത്തി: ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ചരിത്രങ്ങൾ കുറിച്ച സുവർണ്ണ അധ്യായത്തിന് വിരാമം കുറിച്ചുകൊണ്ട് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും നായകസ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. ഏകദിന ലോകകപ്പ് കിരീടവും ഏഷ്യൻ ഗെയിംസ് സ്വർണ്ണവുമടക്കം നിരവധി അവിസ്മരണീയ നേട്ടങ്ങൾ ഇന്ത്യക്ക് സമ്മാനിച്ചശേഷമാണ് ഹർമൻപ്രീത് നായകസ്ഥാനത്ത് നിന്ന് പടയിറങ്ങുന്നത്. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന ഇന്ത്യൻ ടീമിന്റെ പുതിയ നായികയായി സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗുവാഹത്തിയിൽ ബി.സി.സി.ഐ (BCCI) വിളിച്ചുചേർത്ത അവലോകന യോഗത്തിന് തൊട്ടുപിന്നാലെയാണ് നാടകീയമായ ഈ പ്രഖ്യാപനം വന്നത്. ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ഹെഡ് കോച്ച് അമോൽ മജുംദാർ എന്നിവർ പങ്കെടുത്തിരുന്നു. സമീപകാലത്തെ ടീമിന്റെ മോശം പ്രകടനങ്ങളും ഭാവി പദ്ധതികളും ചർച്ച ചെയ്യാനാണ് യോഗം വിളിച്ചതെങ്കിലും, ഹർമൻപ്രീതിനോട് പദവി ഒഴിയാൻ ആവശ്യപ്പെട്ടതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് ഹർമൻപ്രീത് രാജി വിവരം പുറത്തുവിട്ടത്. ക്യാപ്റ്റൻ സ്ഥാനം ഒഴിയുക എന്നത് ഒട്ടും എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും, വർഷങ്ങളുടെ കഠിനാധ്വാനവും ത്യാഗവും ഓർമ്മകളും നിറഞ്ഞ നിമിഷങ്ങളാണ് തനിക്കിതെന്നും അവർ കുറിച്ചു. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ വളർച്ചയ്ക്കാണ് താൻ എപ്പോഴും മുൻഗണന നൽകിയതെന്നും, ഇന്ത്യൻ വനിതാ ക്രിക്കറ്റിനായി തന്റെ രക്തവും വിയർപ്പും നൽകിയിട്ടുണ്ടെന്നും ഹർമൻപ്രീത് കൂട്ടിച്ചേർത്തു.2016-ലാണ് ഹർമൻപ്രീത് ആദ്യമായി ഇന്ത്യൻ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി ചുമതലയേറ്റെടുക്കുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമുള്ള ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് ഇന്ന് ഒഴിയുകയാണ്. ഇതൊട്ടും എളുപ്പമുള്ള തീരുമാനമായിരുന്നില്ല. വര്‍ഷങ്ങളുടെ ഓര്‍മകള്‍, വികാരങ്ങള്‍, ത്യാഗങ്ങള്‍, അവിസ്മരണീയ നിമിഷങ്ങള്‍ എല്ലാം എന്‍റെ മനസിലേക്ക് ഇരച്ചെത്തുകയാണ്. ഇതെല്ലാം ജീവിതാവസാനം വരെ എനിക്കൊപ്പം കാണും. എനിക്കുള്ളതെല്ലാം ഞാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി നല്‍കി. എന്‍റെ രക്തം, വിയര്‍പ്പ്, സമയം, എന്‍റെ തന്നെ വ്യക്തിഗത കളി, ആഗ്രഹങ്ങള്‍ എല്ലാം. എന്‍റെ വളര്‍ച്ചയും കളിയും ശ്രദ്ധിക്കേണ്ട സമയത്ത് പോലും അതെല്ലാം മാറ്റിവച്ച് ഞാന്‍ ടീമിനായി നിന്നു. ടീം ആണ് ആദ്യം, മറ്റെല്ലാം പിന്നീട് മതിയെന്ന എന്‍റെ തീരുമാനമായിരുന്നു അത്. ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് ചില ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. ആളുകള്‍ക്ക് അതെല്ലാം എല്ലായ്പ്പോഴും മനസിലാക്കാന്‍ കഴിയുമായിരുന്നില്ല. ഒട്ടും എളുപ്പവുമായിരുന്നില്ല. പലപ്പോഴും പഴി കേട്ടു. പക്ഷേ ഞാനെടുത്ത എല്ലാ തീരുമാനങ്ങളും ടീമിനെ മുന്നോട്ട് നയിക്കാനും എല്ലാവര്‍ക്കും വളരാന്‍ അവസരം നല്‍കുന്നതിനും അവര്‍ക്ക് അവരില്‍ തന്നെ വിശ്വാസമുണ്ടാക്കുന്നതിനും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനുമായിരുന്നു. ഉയര്‍ച്ചയും താഴ്ചയും എല്ലാം കണ്ടു….ഹൃദയം തകര്‍ന്നു, വിമര്‍ശനക്കൂരമ്പേറ്റു, ഞങ്ങളുടെ കഴിവിനെ സംശയിച്ചുള്ള അഭിപ്രായപ്രകടനങ്ങളുമെന്നിങ്ങനെ എല്ലാം. ഉയര്‍ച്ചകളും ഞാനറിഞ്ഞു. ജയം, ആഘോഷം, രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന്‍റെ അഭിമാനം ഒരു ത്യാഗവും പാഴായിപോയില്ലെന്ന ആനന്ദമാണത് നല്‍കിയത്. അങ്ങേയറ്റം വികാരഭരിതമാണെങ്കിലും ഏറെ സമാധാനത്തോടെ ക്യാപ്റ്റന്‍ പദവി ഞാന്‍ ഒഴിയുകയാണ്. എന്‍റെ ടീം ഏറ്റവും മികച്ച സ്ഥലത്താണിപ്പോള്‍ ഉള്ളതെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. പ്രതിഭയും ഈ പേരും വിശ്വാസവും എക്കാലവും തുടരുമെന്ന് എനിക്കുറപ്പുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ എന്‍റെ ഭാഗം പൂര്‍ത്തിയായി. ഉത്തരവാദിത്തങ്ങളെ ഞാന്‍ അഭിമാനത്തോടെ കൊണ്ടുനടന്നു. ടീമിനെ നയിക്കാന്‍ കഴിഞ്ഞതില്‍ എക്കാലവും ഞാന്‍ നന്ദിയുള്ളവളായിരിക്കും. ഇത് അവസാനിപ്പിക്കാനായി. ക്യാപ്റ്റന്‍ പദവി മാത്രമേ അവസാനിക്കുന്നുള്ളൂ, ക്രിക്കറ്റിനോടുള്ള എന്‍റെ സ്നേഹം എക്കാലവും നിലനില്‍ക്കും.












