ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ കോടികളുടെ ദുരൂഹ സാമ്പത്തിക ഇടപാടുകൾ നടന്നതായി ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തൽ. പരിപാടിയുടെ മുഖ്യ പ്രായോജകന്റെ അക്കൗണ്ടിലേക്ക് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി 206 കോടിയിലേറെ രൂപ എത്തിച്ചേർന്നതായും ഇതിന് വ്യക്തമായ വായ്പാ രേഖകളോ നികുതി വിവരങ്ങളോ ഇല്ലെന്നും അന്വേഷണസംഘം കണ്ടെത്തി.
കായിക മാമാങ്കത്തിന്റെ മറവിൽ വൻതോതിൽ അനധികൃത ധനസമാഹരണം നടത്തിയ സ്പോൺസർ, ഈ തുക പിന്നീട് മറ്റ് അക്കൗണ്ടുകളിലേക്ക് അതിവേഗം മാറ്റിയതായും വ്യക്തമായിട്ടുണ്ട്. കൈമാറ്റം ചെയ്യപ്പെട്ട ഭീമമായ തുക സ്പോൺസറുടെ സ്വന്തം വരുമാനമല്ലെന്നും അക്കൗണ്ട് കേവലം ഒരു ഇടനിലയായി മാത്രമാണ് ഉപയോഗിക്കപ്പെട്ടതെന്നും അധികൃതർ സംശയിക്കുന്നു. വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ ഗുരുതര ലംഘനവും സാമ്പത്തിക വെട്ടിപ്പും അടങ്ങിയ ഈ പണമിടപാടിലെ നിഗൂഢതകൾ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുടെ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് ജിഎസ്ടി പ്രത്യേക അന്വേഷണ വിഭാഗം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിയ മെസ്സിയുടെ സന്ദർശന വാഗ്ദാനം വൻ സാമ്പത്തിക തട്ടിപ്പിലേക്കാണ് വിരൽചൂണ്ടുന്നതെന്ന വിവരങ്ങൾ പുറത്തുവന്നതോടെ വലിയ ഭരണ-രാഷ്ട്രീയ ചർച്ചകൾക്കാണ് സംസ്ഥാനത്ത് വഴിതുറന്നിരിക്കുന്നത്.








