തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായിട്ടാണ് കേരളത്തിൽ മഴ കടുക്കുന്നത്. ഒപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് (ഓഗസ്റ്റ് 23) പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും, ഓഗസ്റ്റ് 25-ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
തീരദേശവാസികൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 1.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.












