പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടപ്പിലാക്കിയ ‘ഓപ്പറേഷൻ സിന്ദൂർ’ തിരിച്ചടിയിൽ വൻ നഷ്ടങ്ങൾ നേരിട്ട ജെയ്ഷെ മുഹമ്മദ് (JeM) ഭീകരസംഘടന പുതിയ റിക്രൂട്ട്‌മെന്റ് തന്ത്രങ്ങളുമായി രംഗത്ത്. സംഘടനയുടെ തലവനായ മസൂദ് അസ്ഹറിന്റെ ആരോഗ്യസ്ഥിതിയും കുടുംബാംഗങ്ങളുടെ മരണവും മുൻനിർത്തി ‘സഹതാപ തരംഗം’ സൃഷ്ടിച്ചാണ് പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ (ISI) സഹായത്തോടെ പുതിയ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പുതിയ വിവരങ്ങൾ ലഭിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ ബഹാവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ അസ്ഹറിന്റെ സഹോദരൻ, സഹോദരി, മകൻ, പേരക്കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 10 പ്രമുഖരും ഉന്നത നേതാക്കളും കൊല്ലപ്പെട്ടിരുന്നു. ഈ നഷ്ടങ്ങളെ ‘ത്യാഗമായി’ ചിത്രീകരിച്ചാണ് പുതിയ റിക്രൂട്ട്‌മെന്റുകൾ പുരോഗമിക്കുന്നത്. നിലവിൽ കടുത്ത അസുഖ ബാധിതനായ മസൂദ് അസ്ഹറിനെ ഐഎസ്ഐ രഹസ്യ സങ്കേതത്തിൽ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണ്.
പൊതുവേദികളിൽ എത്തുന്നില്ലെങ്കിലും അസ്ഹറിന്റെ പ്രകോപനപരമായ പ്രസംഗങ്ങളും ലേഖനങ്ങളും സോഷ്യൽ മീഡിയ വഴിയും മദ്രസകൾ വഴിയും പ്രചരിപ്പിക്കുന്നുണ്ട്. ഹാഫിസ് സയീദിനെയും സയ്യിദ് സലാഹുദ്ദീനെയും അപേക്ഷിച്ച് കൂടുതൽ പ്രകോപനപരമായി സംസാരിക്കുന്ന അസ്ഹറിന്റെ വാക്കുകൾ ഉപയോഗിച്ച് യുവാക്കളെ വികാരഭരിതരാക്കാനാണ് ശ്രമം. ഇന്ത്യയിലെ പ്രാദേശിക ഭീകര ശൃംഖലകളിലേക്കും ഇത്തരം ഉള്ളടക്കങ്ങൾ അയച്ചുനൽകി ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.










