മാനസികാരോഗ്യ കേന്ദ്രം’ എന്ന പേര് കേൾക്കുമ്പോൾ പൊതുജനങ്ങളിൽ ഉണ്ടാകുന്ന ഭയവും അസ്വസ്ഥതയും ഒഴിവാക്കാൻ ഇത്തരം ചികിത്സാ സ്ഥാപനങ്ങളുടെ പേര് മാറ്റുന്ന കാര്യം സർക്കാർ മുൻകൈയെടുത്ത് പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തിയ ശേഷമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സുപ്രധാന നിർദേശം മുന്നോട്ടുവെച്ചത്.
കേസ് കോടതി പരിഗണിച്ച വേളയിൽ അമിക്കസ് ക്യൂറിയായ സത്യശ്രീ പ്രിയയാണ് പേര് മാറ്റണമെന്ന ആശയം ശക്തമായി ഉന്നയിച്ചത്. ഇതോടൊപ്പം ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ മാനേജ്‌മെന്റ്’.എന്ന് പുനർനാമകരണം ചെയ്യാമെന്ന നിർദേശവും അമിക്കസ് ക്യൂറി കോടതിയിൽ മുന്നോട്ടുവെച്ചു. എന്നാൽ പ്രത്യേക പേരുകളൊന്നും തങ്ങൾ നിർദേശിക്കുന്നില്ലെന്നും വിഷയത്തിൽ കൃത്യമായ നയപരമായ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും കോടതി വ്യക്തമാക്കി.
മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന തെറ്റായ ധാരണകളും അധമബോധവും മാറ്റിനിർത്താൻ ഇത്തരം പേരുമാറ്റങ്ങൾ വലിയ തോതിൽ സഹായിക്കുമെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.












