ബംഗ്ലാദേശിലെ രംഗപൂർ നഗരത്തിൽ വിരമിച്ച സ്കൂൾ അധ്യാപകനെയും ഭാര്യയെയും രണ്ട് മക്കളെയും വീട്ടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രംഗപൂർ ജില്ലാ സ്കൂളിലെ മുൻ അധ്യാപകൻ ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തത്.
വ്യാഴാഴ്ച രാത്രി മുതൽ നാലുപേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതിനെത്തുടർന്ന് ബന്ധുക്കൾ ശനിയാഴ്ച രാത്രി വീട്ടിലെത്തുകയായിരുന്നു. പ്രധാന ഗേറ്റ് പൂട്ടിയിട്ട നിലയിലും വീടിനുള്ളിലെ ലൈറ്റുകൾ അണച്ച നിലയിലുമായിരുന്നു. തുടർന്ന് പോലീസ് പൂട്ട് തകർത്ത് അകത്തുകടന്നപ്പോഴാണ് ദാരുണസംഭവം പുറത്തറിയുന്നത്. ഗണപതി ചക്രവർത്തിയുടെ മൃതദേഹം മേൽക്കൂരയിലും, ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങൾ കോണിപ്പടിയിലും, 12 വയസ്സുകാരനായ മകന്റെ മൃതദേഹം കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്.
ശ്വാസം മുട്ടിച്ചാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി സിഐഡി അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് ഉപയോഗിച്ച രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടെറസിൽ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം .











