സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ മുസ്ലിം വിദ്യാർത്ഥിനി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ഇസ്‌ലാമിൽ അവിഭാജ്യ ഘടകമല്ല എന്ന് വിലയിരുത്തിയാണ് കോടതി ഹർജി തള്ളിയത്. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതവിശ്വാസത്തിൽ ഒഴിവാക്കാനാകാത്ത അവിഭാജ്യ ആചാരമാണെന്ന് സമർത്ഥിക്കുന്നതിന് ആവശ്യമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ ഹർജിക്കാരിക്ക് സാധിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജീത്ത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പ്രയാഗ്‌രാജിലെ ടാഗോർ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി സുഖൈന റിസ്‌വി നൽകിയ ഹർജിയിൽ വിധ പ്രസ്താവിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതുവായതും വിവേചനരഹിതവുമായ യൂണിഫോം കോഡ് നടപ്പിലാക്കാൻ അധികൃതർക്ക് അവകാശമുണ്ടെന്ന് കോടതിവിധിയിൽ വ്യക്തമാക്കുന്നു. സ്കൂളുകളിലെ അച്ചടക്കവും സ്ഥാപനത്തിന്റെ പൊതുസ്വത്വവും സംരക്ഷിക്കുന്നതിന് കൃത്യമായ ഡ്രസ്സ് കോഡ് ആവശ്യമാണ്. വിദ്യാർത്ഥികൾക്കിടയിൽ സമത്വം വളർത്താനും വിദ്യാലയങ്ങളിൽ മതനിരപേക്ഷമായ അന്തരീക്ഷം ഉറപ്പാക്കാനും യൂണിഫോം സഹായിക്കുമെന്നും കോടതി വിലയിരുത്തി. മുൻപ് ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ തലമറച്ച് പഠിക്കാൻ സ്കൂൾ അധികൃതർ തടസ്സം പറഞ്ഞിരുന്നില്ല എന്ന വാദം സ്ഥിരമായ അവകാശമായി ഉന്നയിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം മതസ്വാതന്ത്ര്യം ആവശ്യപ്പെടുമ്പോൾ അത് സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ മുൻ ഉത്തരവ് പരാമർശിച്ച അലഹബാദ് ഹൈക്കോടതി, തട്ടവും യൂണിഫോമും ഒരുമിച്ച് ഉപയോഗിക്കാൻ അനുവാദം നൽകേണ്ടതില്ലെന്ന നിലപാടിൽ മാറ്റം വരുത്താൻ തക്കതായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി. സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് യൂണിഫോമിൽ മാറ്റം വരുത്താൻ വിദ്യാർത്ഥികൾക്ക് അവകാശപ്പെടാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഹർജി പൂർണ്ണമായും തള്ളിയത്.








