ചണ്ഡീഗഡ് : പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഭാരതീയ ജനതാ പാർട്ടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാനത്തെ 117 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് ജനവിധി തേടുമെന്നും വിജയം നേടി സ്വന്തം നിലയിൽ സർക്കാർ രൂപീകരിക്കുമെന്നും ബി.ജെ.പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് പ്രഖ്യാപിച്ചു. പഞ്ചാബിൽ ഭരണമാറ്റത്തിനായി ജനങ്ങൾ തയ്യാറായിരിക്കുകയാണെന്നും ആ മാറ്റം സാധ്യമാക്കാൻ ബി.ജെ.പി തികച്ചും സജ്ജമാണെന്നും പട്യാലയിൽ നടന്ന പാർട്ടി മേഖല നേതൃയോഗത്തിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് ബി.ജെ.പി-അകാലിദൾ സഖ്യം വീണ്ടും ഉയർന്നുവരുന്നു എന്ന രീതിയിൽ അഭ്യൂഹങ്ങൾ ശക്തമായത്. മുൻപ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് 2020-ലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിൽ നിന്ന് അകാലിദൾ പുറത്തുപോയത്. അതിനുശേഷം നടന്ന നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഇരുപാർട്ടികളും വേവ്വേറെയാണ് മത്സരിച്ചത്. തദ്ദേശീയ തലത്തിൽ പാർട്ടി പ്രസ്ഥാനത്തെയും ബൂത്ത് തല സംഘടനാ സംവിധാനങ്ങളെയും കൂടുതൽ കരുത്തുറ്റതാക്കാനാണ് ബി.ജെ.പി ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് ഭാരവാഹികൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്തെ മുഴുവൻ 23 ജില്ലകളെയും ഉൾപ്പെടുത്തി നടത്തുന്ന സംഘടനാ യോഗങ്ങളിലൂടെ കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ സാധാരണക്കാരിലെത്തിക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്. അകാലിദളുമായി ബി.ജെ.പി വീണ്ടും കൈകോർക്കുമെന്ന പ്രചാരണം ബി.എൽ സന്തോഷിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ അവസാനിച്ചിരിക്കുകയാണ്. ആം ആദ്മി പാർട്ടി ഭരണത്തിലുള്ള പഞ്ചാബിൽ കോൺഗ്രസ്, ബി.ജെ.പി, അകാലിദൾ എന്നീ പ്രമുഖ പാർട്ടികൾ തനിച്ച് ഗോദയിലിറങ്ങുന്നതോടെ ബഹുകോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്.









