മധ്യകേരളത്തിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കാലാവസ്ഥാ പ്രവചനത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റങ്ങൾ വരുത്തി. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവോണദിനത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വൻതോതിൽ മഴ ലഭിച്ചേക്കാം.
തലസ്ഥാന ജില്ലയായ തിരുവനന്തപുരം ഉൾപ്പെടെ കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് പ്രദേശങ്ങളിൽ മിതമായ തോതിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രസ്തുത ഇടങ്ങളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ வீശിയടിക്കുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത പ്രവചിക്കുന്നു. കടലിൽ വീശിയടിക്കുന്ന കാറ്റിന്റെ വേഗത ചിലപ്പോൾ 55 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നതിനാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കടലോരങ്ങളിലും മലയോര മേഖലകളിലും വസിക്കുന്നവർ സുരക്ഷ മുൻനിർത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.








