കാനഡയുമായുള്ള ചരക്ക് വ്യാപാരത്തിൽ ഇന്ത്യ കഴിഞ്ഞ രണ്ട് വർഷത്തെ വ്യാപാരക്കമ്മി മറികടന്ന് 2026 സാമ്പത്തിക വർഷത്തിൽ 1.4 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചം സ്വന്തമാക്കി. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകളെ അടിസ്ഥാനമാക്കി റൂബിക്സ് ഡാറ്റാ സയൻസസ് (Rubix Data Sciences) നടത്തിയ വിശകലനത്തിലാണ് കാനഡയിൽ നിന്നുള്ള ഇറക്കുമതിയിൽ വലിയ ഇടിവുണ്ടായതും ഇന്ത്യൻ കയറ്റുമതി വർദ്ധിച്ചതും വഴി ഈ നേട്ടം കൈവരിച്ചതായി വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാനഡയിൽ നിന്നുള്ള ഇറക്കുമതി 26.1 ശതമാനം കുറഞ്ഞ് 3.3 ബില്യൺ ഡോളറായപ്പോൾ, ഇന്ത്യയുടെ കയറ്റുമതി 10.6 ശതമാനം ഉയർന്ന് 4.7 ബില്യൺ ഡോളറിലെത്തി. ഇതോടെ 2024 സാമ്പത്തിക വർഷത്തിലെ 700 മില്യൺ ഡോളറിന്റെയും 2025-ലെ 200 മില്യൺ ഡോളറിന്റെയും കമ്മി അവസാനിപ്പിച്ച് ഇന്ത്യ വ്യക്തമായ സാമ്പത്തിക മുൻതൂക്കം നേടി. ഇരുരാജ്യങ്ങളും സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കാൻ ശ്രമിക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് ഈ സുപ്രധാന മാറ്റം സംഭവിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ കാനഡ സന്ദർശന വേളയിൽ കനേഡിയൻ ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്നുമായി സാമ്പത്തിക നയങ്ങൾ, നിക്ഷേപങ്ങൾ, അന്താരാഷ്ട്ര സാമ്പത്തിക സഹകരണം എന്നിവ ചർച്ച ചെയ്യും.
2026 അവസാനത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പൂർത്തിയാക്കാനും 2030-ഓടെ ഉഭയകക്ഷി വ്യാപാരം 50 ബില്യൺ ഡോളറിലെത്തിക്കാനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്. കയറ്റുമതി വിപണിയിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ 11 ശതമാനം വിഹിതവുമായി കുതിപ്പ് തുടരുമ്പോൾ, ഓട്ടോ ഘടകങ്ങൾ, വജ്രങ്ങൾ, ആഭരണങ്ങൾ എന്നിവയും മുന്നേറ്റം കാഴ്ചവെക്കുന്നു. അതേസമയം കാനഡയിൽ നിന്നുള്ള ഇറക്കുമതിയിൽ പയറുവർഗ്ഗങ്ങളും വളങ്ങളും വിമാന അനുബന്ധ ഘടകങ്ങളും വർദ്ധിച്ചപ്പോൾ കൽക്കരിയുടെ ഇറക്കുമതി 15 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുത്തനെ ഇടിഞ്ഞു. കൂടാതെ, അമേരിക്കയും കാനഡയും തമ്മിൽ നിലനിൽക്കുന്ന പുതിയ തീരുവ തർക്കങ്ങൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് കൂടുതൽ അവസരങ്ങൾ തുറന്നുനൽകിയേക്കും.
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡയും തിരിച്ചടിയെന്നോണം കനത്ത തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് വില ഉയരുമ്പോൾ കനേഡിയൻ വിപണി മറ്റ് ബദലുകൾ തേടുന്നത് ഇന്ത്യയുടെ മെഷിനറികൾ, ഇരുമ്പ്-സ്റ്റീൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പേപ്പർ എന്നിവയുടെ കയറ്റുമതിക്ക് വൻ സാധ്യതയാണ് നൽകുന്നത്. നിലവിൽ ഈ മേഖലകളിൽ നിന്ന് ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യ കാനഡയിലേക്ക് അയക്കുന്നുണ്ട്. ഗുണനിലവാരവും മത്സരശേഷിയും ഉറപ്പുവരുത്താനായാൽ വിപണിയിലെ ഈ വിടവ് മുതലെടുക്കാൻ ഇന്ത്യൻ വ്യാപാരികൾക്ക് സാധിക്കും.









