നേപ്പാളിലെ ത്രിശൂലി താഴ്‌വരയിൽ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ സ്കൂൾ കെട്ടിടം പൂർണ്ണമായി ഒലിച്ചുപോകുന്നതിന് തൊട്ടുമുമ്പ് 1,643 വിദ്യാർത്ഥികളെ അത്ഭുതകരമായി രക്ഷിച്ച് പ്രധാനാധ്യാപകൻ. ത്രിഭുവൻ ത്രിശൂലി സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ 47-കാരൻ രാജേന്ദ്ര ദവാദിയുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ബുധനാഴ്ച രാവിലെ 9:20-ഓടെ ഗ്രാമം പുഴയെടുത്തെന്നും ഉടൻ രക്ഷപ്പെടണമെന്നും സുഹൃത്തിൽ നിന്നും ഫോൺ സന്ദേശം എത്തുമ്പോൾ മൂന്ന് നിലകളുള്ള സ്കൂൾ കെട്ടിടത്തിൽ ആയിരത്തി അറുനൂറിലധികം കുട്ടികളുണ്ടായിരുന്നു.
നദിയിൽ നിന്ന് 60 മീറ്റർ ഉയരത്തിലുള്ള കോൺക്രീറ്റ് കെട്ടിടമായതിനാൽ ആദ്യം സുരക്ഷിതമാണെന്ന് കരുതിയെങ്കിലും, ഒരു രക്ഷിതാവ് ഓടിയെത്തി വെള്ളം അതിവേഗം ഉയരുകയാണെന്ന് അറിയിച്ചതോടെ ദവാദി സ്കൂൾ ബെല്ലടിച്ച് മുഴുവൻ ക്ലാസ് മുറികളും അടിയന്തരമായി ഒഴിപ്പിക്കാൻ അധ്യാപകർക്ക് നിർദ്ദേശം നൽകുകയായിരുന്നു. വിദ്യാർത്ഥികളുമായി കുന്നിൻമുകളിലേക്ക് ഓടിയെത്തിയ സംഘം സുരക്ഷിതമായി ഒരു ബോധി വൃക്ഷത്തിന്റെ ചുവട്ടിൽ അഭയം പ്രാപിച്ചതിന് തൊട്ടുപിന്നാലെ സ്കൂൾ കെട്ടിടം പ്രളയജലം പൂർണ്ണമായും വിഴുങ്ങി. ദവാദിയുടെ അവസരോചിതമായ ഇടപെടൽ വഴി 1,643 കുട്ടികളും രക്ഷപ്പെട്ടെങ്കിലും, പ്രഭാതഭക്ഷണം പാകം ചെയ്യാനായി നദിക്കരയിലെ വാടകമുറിയിലേക്ക് പോയ അധ്യാപകൻ സന്തോഷ് പരിയാറും സ്കൂളിന്റെ വാതിലുകൾ അടയ്ക്കാനായി തിരിച്ചെത്തിയ ജീവനക്കാരൻ സുൽത്താൻ ലാമയും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
ലാങ്താങ് ലിരുങ് കൊടുമുടിയിൽ നിന്ന് ഭീമൻ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ ദുരന്തത്തിൽ നേപ്പാളിലും ടിബറ്റിലുമായി 760-ലധികം ആളുകൾ ഇതിനകം മരണപ്പെടുകയും മൂവായിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സ്കൂൾ തകർന്നടിഞ്ഞ ചെളിമണ്ണിലേക്ക് നോക്കി “മറ്റെന്താണ് എനിക്ക് ചെയ്യാൻ കഴിയുമായിരുന്നത്” എന്ന് ചോദിക്കുമ്പോഴും, ആയിരക്കണക്കിന് കുരുന്നുകളുടെ ജീവൻ രക്ഷിച്ച രാജേന്ദ്ര ദവാദിയെ ഒരു യഥാർത്ഥ ഹീറോ ആയി വാഴ്ത്തുകയാണ് പ്രദേശവാസികൾ.








