പശ്ചിമേഷ്യൻ യുദ്ധം ആറുമാസം പിന്നിടുന്ന പശ്ചാത്തലത്തിൽ, അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മേഖലയിലെ മുഴുവൻ മുസ്‌ലിം രാജ്യങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി. ഫെബ്രുവരി 28-ന് യുദ്ധത്തിന്റെ തുടക്കത്തിൽ പിതാവ് അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് അധികാരമേറ്റ ശേഷം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്ന മുജ്തബ ഖമനേയിയുടെ രേഖാമൂലമുള്ള സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
നബിദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് ഇസ്ലാമിക രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും സൗഹൃദവും സഹകരണവുമാണ് നിലവിലെ പ്രതിസന്ധികൾക്കുള്ള ഏക പരിഹാരമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അറിഞ്ഞോ അറിയാതെയോ മുസ്‌ലിംകൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന ഏതൊരു നീക്കവും ഇസ്ലാമിന്റെ ശത്രുക്കളെ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മേഖലയിലെ ഭരണാധികാരികൾ തങ്ങളുടെ യഥാർത്ഥ ശത്രുവിനെ കൃത്യമായി തിരിച്ചറിയണമെന്നും അവരുടെ നീക്കങ്ങളെ ഒന്നിച്ച് ചെറുത്തുതോൽപ്പിക്കണമെന്നും മുജ്തബ ഖമനേയി ആവശ്യപ്പെട്ടു. യുദ്ധകാലത്ത് സൗദി അറേബ്യ, യുഎഇ, ജോർദാൻ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീണിരുന്നു. ഈ സാഹചര്യത്തിലാണ് യഥാർത്ഥ ശത്രുക്കളെ തിരിച്ചറിഞ്ഞ് ഒരുമിച്ച് നിൽക്കണമെന്ന അഭ്യർത്ഥനയുമായി പുതിയ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
ഇതിനുപുറമെ, സ്വന്തം രാജ്യത്തെ ജനങ്ങളും രാഷ്ട്രീയ നേതൃത്വവും എല്ലാവിധ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കർശന നിർദ്ദേശം നൽകി. ദീർഘകാലമായുള്ള ഉപരോധങ്ങൾക്കും അമേരിക്കൻ നാവിക ഉപരോധങ്ങൾക്കും മറുപടിയായി ഇറാൻ സമ്പദ്‌വ്യവസ്ഥയെ ഡോളറിൽ നിന്ന് പൂർണ്ണമായി മുക്തമാക്കാനും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.








