രണ്ടായിരങ്ങളുടെ തുടക്കത്തിൽ, ലോകോത്തര പേസർമാർക്കായി ഇന്ത്യൻ ക്രിക്കറ്റ് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴാണ് മുംബൈയിൽ നിന്ന് ഉയരമുള്ള, മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ പന്തുമായി ഓടിയെത്തുന്നത്. നിവർന്നുനിന്നുകൊണ്ടുള്ള റൺഅപ്പും ഉയർന്ന കൈകളും കൃത്യമായ ലൈനും ലെങ്തും കണ്ട ക്രിക്കറ്റ് ലോകം ഒരൊറ്റ സ്വരത്തിൽ വിളിച്ചു—”ഇന്ത്യയുടെ ഗ്ലെൻ മഗ്രാത്ത്!” കെമിക്കൽ എൻജിനീയറിങ് പഠനമുപേക്ഷിച്ച്, കുടുംബം നൽകിയ രണ്ട് വർഷത്തെ അവധിയിൽ പന്തെറിഞ്ഞു തുടങ്ങിയ ആവിഷ്കാർ സാൽവി എന്ന ഇരുപത്തിരണ്ടുകാരൻ പിന്നീട് സൃഷ്ടിച്ചത് മാന്ത്രിക നിമിഷങ്ങളായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ തീപ്പൊരി പ്രകടനങ്ങൾക്ക് ശേഷം ഇന്ത്യ എ ടീമിനൊപ്പം വെസ്റ്റ് ഇൻഡീസിലേക്ക് പറന്ന സാൽവി, അവിടെ പിഴുതെറിഞ്ഞത് 29 വിക്കറ്റുകളാണ്. സാക്ഷാൽ ജോൺ റൈറ്റും സൗരവ് ഗാംഗുലിയും ഇന്ത്യയുടെ പേസ് ഭാവിയായി സാൽവിയെ നോട്ടമിട്ടു.
2003 ഏപ്രിൽ 11-ന് ഗൗതം ഗംഭീറിനൊപ്പം ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി 15 റൺസിന് രണ്ട് വിക്കറ്റുമായി കളംനിറഞ്ഞ തുടക്കം. തൊട്ടുപിന്നാലെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ടീമിലേക്ക് വിളി. എന്നാൽ അവിടെ നിന്നാണ് വിധിയുടെ ക്രൂരമായ പന്തുകൾ ആ സ്വപ്നങ്ങൾക്ക് നേരെ സ്വിങ് ചെയ്തു തുടങ്ങിയത്. ടെസ്റ്റ് അരങ്ങേറ്റത്തിന് തൊട്ടുമുമ്പ് പരിശീലനത്തിനിടെ കൈവിരലുകൾക്കിടയിലെ ഞരമ്പ് മുറിഞ്ഞ് തുന്നലുകൾ വീണതോടെ ആ സുവർണ്ണാവസരം നഷ്ടമായി. പക്ഷേ വീഴാൻ സാൽവി തയ്യാറായിരുന്നില്ല; രഞ്ജി ട്രോഫിയിൽ ബറോഡയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി അദ്ദേഹം വീണ്ടും വാർത്തകളിൽ നിറഞ്ഞ്. 2003 നവംബറിൽ രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും ചരിത്രം കുറിക്കാൻ പോയ ഐതിഹാസിക ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ സാൽവിയുടെ പേര് ഇടംപിടിച്ചു; മഗ്രാത്തിന്റെ മണ്ണിൽ പന്തെറിയാൻ ഒരുങ്ങിനിന്ന നിമിഷം.
എന്നാൽ വിധി കാത്തുവെച്ചത് മറ്റൊരു ദുരന്തമായിരുന്നു. ഓസ്ട്രേലിയൻ വിമാനം കയറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിനിടെ തോളിനേറ്റ ഗുരുതരമായ പരുക്ക് സാൽവിയെ നിലംപരിശാക്കി. ആ മത്സരം അദ്ദേഹത്തിന്റെ നാലാമത്തെയും അവസാനത്തെയും അന്താരാഷ്ട്ര ഏകദിനമായി മാറി. നാല് മത്സരങ്ങൾ, നാല് വിക്കറ്റുകൾ—അവിടെയവസാനിച്ചു ലോകത്തെ വിറപ്പിക്കേണ്ടിയിരുന്ന ഒരു ഫാസ്റ്റ് ബൗളറുടെ നീലക്കുപ്പായത്തിലെ കരിയർ. പരുക്കുകൾ നിരന്തരം വേട്ടയാടിയപ്പോഴും ക്രിക്കറ്റിനോടുള്ള പ്രണയം സാൽവി ഉപേക്ഷിച്ചില്ല. വർഷങ്ങൾക്ക് ശേഷം ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ പ്ലേയിങ് ഇലവനിൽ സാൽവി കളിക്കുമ്പോൾ, അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷന് പ്രചോദനമായ സാക്ഷാൽ ഗ്ലെൻ മഗ്രാത്ത് പകരക്കാരുടെ ബെഞ്ചിലിരുന്നു എന്നത് കാലം കാത്തുവെച്ച വിചിത്രമായ മറ്റൊരു കൗതുകം.
കളിക്കളത്തിലെ കരിയർ തീർന്നുവെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ സാൽവി തന്റെ രണ്ടാം ഇന്നിങ്സ് തുറന്നു. കോച്ചിംഗിലേക്ക് തിരിഞ്ഞ അദ്ദേഹം മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പഞ്ചാബിന് സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിക്കൊടുത്തു. ഒടുവിൽ തനിക്ക് നഷ്ടപ്പെട്ട അതേ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലേക്ക്, ഇന്ത്യൻ വനിതാ ടീമിന്റെ ബോളിംഗ് പരിശീലകനായി അദ്ദേഹം തലയുയർത്തി തിരിച്ചെത്തി. 2025-ൽ ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് കിരീടം വാനിലുയർത്തുമ്പോൾ ആ വിജയത്തിന് പിന്നിൽ ആവിഷ്കാർ സാൽവിയുടെ തന്ത്രങ്ങളുമുണ്ടായിരുന്നു. പരുക്കുകൾ ഒരു പേസറെ തല്ലിക്കെടുത്തിയെങ്കിലും, തോറ്റുകൊടുക്കാൻ തയ്യാറാവാത്ത പോരാട്ടവീര്യത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിലേക്ക് തന്നെ നടന്നു കയറിയ പ്രതിഭയായി ഇന്നും ആവിഷ്കാർ സാൽവി തിളങ്ങിനിൽക്കുന്നു.












