കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്. ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തപ്പോഴുള്ള വ്യക്തിപരമായ നിരീക്ഷണം പങ്കുവെച്ച് പ്രഖർ ഗുപ്തയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.ജെ.പി സ്ഥാപകർ ആഗ്രഹങ്ങളൊന്നുമില്ലാത്ത വിശുദ്ധരല്ലെന്നും അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വ്യക്തമാക്കിയ വാങ്‌ചുക്, കൂടുതൽ യുവാക്കൾ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും തുറന്നുപറഞ്ഞു. തങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് അവർ നേരിട്ട് വ്യക്തമാക്കിയിട്ടില്ലെങ്കിലും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിൽ നിന്നുള്ള സ്വന്തം വിലയിരുത്തലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരത്തിൽ പങ്കുചേരുന്ന ഘട്ടത്തിൽ, സ്ഥാപകരിലൊരാളായ അഭിജീത് ദിപ്കെ മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നയാളാണെന്ന് ചൂണ്ടിക്കാട്ടി പലരും തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ മുൻകാല രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തെറ്റൊന്നുമില്ലാത്തതിനാൽ താൻ അത് കാര്യമാക്കിയില്ലെന്നും വാങ്‌ചുക് വ്യക്തമാക്കി. ഭാവിയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും വിദ്യാർത്ഥി സമരവേദിയെ ഏതെങ്കിലും പ്രത്യേക പാർട്ടിയുടെ അജണ്ട നടപ്പാക്കാനായി ഉപയോഗിക്കരുതെന്ന് താൻ അവരെ ഉപദേശിച്ചിരുന്നു.
പ്രക്ഷോഭത്തെ നിഷ്പക്ഷവും രാഷ്ട്രീയരഹിതവുമായ ഒരു സമ്മർദ്ദ ശക്തിയായി നിലനിർത്തിയാൽ മാത്രമേ ജനകീയ വിഷയങ്ങളിൽ വിജയം കാണാനാവൂ എന്ന് ഓർമ്മിപ്പിച്ചിരുന്നതായും, ആ സമരവേദിയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ അവർക്ക് സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഈ മുന്നേറ്റത്തെ കണ്ടത് ഒരു പൊതുവിദ്യാർത്ഥി പ്രസ്ഥാനമായിട്ടാണെന്നും, ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് കരിയർ ആരംഭിക്കുന്നത് പുതുതലമുറയ്ക്ക് നല്ലൊരു തുടക്കമാണെന്നും അദ്ദേഹം അടിവരയിട്ടു.








