ഹിമാലയൻ അതിർത്തിയിലുണ്ടായ മഞ്ഞുമല ഇടിഞ്ഞുവീഴ്ചയെ തുടർന്ന് മിന്നൽപ്രളയം താണ്ഡവമാടിയ നേപ്പാളിലേക്ക് നാല് സൈനിക വിമാനങ്ങളിലായി 68.5 ടണ്ണിലധികം അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയൽപക്കത്തിന് മുൻഗണന നയത്തിന്റെ ഭാഗമായി, ദുരന്തമുഖത്ത് നേരിട്ട് ആദ്യമെത്തി സഹായം എത്തിച്ച രാജ്യമായി ഇന്ത്യ വീണ്ടും മാറി. വ്യോമസേനയുടെ സി-130ജെ, സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലായി ടെന്റുകൾ, പുതപ്പുകൾ, മരുന്നുകൾ, ജനറേറ്ററുകൾ, വാട്ടർ പ്യൂരിഫയർ ഗുളികകൾ, ഭക്ഷണസാധനങ്ങൾ എന്നിവയ്ക്ക് പുറമെ ടണൽ റെസ്ക്യൂ സംഘത്തെയും ഡിഎൻഎ പരിശോധനയ്ക്കുള്ള ഫൊറൻസിക് വിദഗ്ദ്ധരെയും എത്തിച്ചിട്ടുണ്ട്. തകർന്ന ഗതാഗതം പുനഃസ്ഥാപിക്കാൻ 230 അടി സ്റ്റീൽ മോഡുലാർ പാലത്തിനുള്ള ഉപകരണങ്ങളുമായി 16 ട്രക്കുകളും ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തിക്കഴിഞ്ഞു.
അതിർത്തി മേഖലയായ തിബറ്റിലും നേപ്പാളിലുമായി 750-ലധികം ആളുകൾ ഇതിനകം മരിക്കുകയും മൂവായിരത്തിലധികം പേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിൽ മറ്റ് ലോകരാജ്യങ്ങളും ആഗോള സംഘടനകളും വൻ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൈന രണ്ട് വ്യോമസേനാ വിമാനങ്ങളിലായി 50 ടൺ ദുരിതാശ്വാസ സാമഗ്രികളും ടണൽ വിദഗ്ദ്ധരെയും അയച്ചപ്പോൾ, യുഎഇ 10 ദശലക്ഷം ഡോളറിന്റെ സഹായം അനുവദിച്ചു. ബ്രിട്ടൻ 5 ദശലക്ഷം പൗണ്ടും, ഓസ്‌ട്രേലിയയും കാനഡയും 5 ദശലക്ഷം ഡോളർ വീതവും, ദക്ഷിണ കൊറിയയും ശ്രീലങ്കയും 1 ദശലക്ഷം ഡോളർ വീതവും അടിയന്തര ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക തുടക്കത്തിൽ അനുവദിച്ച തുകയ്ക്ക് പുറമെ 3.6 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായം കൂടി പ്രഖ്യാപിച്ചു.
ദുരന്തബാധിതരെ സഹായിക്കാനായി ആഗോള സംഘടനകളും വലിയ തോതിൽ രംഗത്തിറങ്ങിയിട്ടുണ്ട്. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഏകദേശം 163.6 ദശലക്ഷം ഡോളർ വരെ നൽകാൻ തയ്യാറാണെന്ന് ലോകബാങ്ക് വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ 2 ദശലക്ഷം യൂറോയും, യുഎൻ സെൻട്രൽ എമർജൻസി റെസ്പോൺസ് ഫണ്ട് 2.5 ദശലക്ഷം ഡോളറും അനുവദിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ്ക്രോസ് അടിയന്തര സഹായം ലഭ്യമാക്കിയതിന് പുറമെ വലിയ ധനസമാഹരണത്തിനും തുടക്കമിട്ടു. ലോകാരോഗ്യ സംഘടനയും മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സും അടിയന്തര മെഡിക്കൽ സംഘങ്ങളെയും അവശ്യ മരുന്നുകളെയും ദുരന്തമേഖലയിൽ സജ്ജമാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും സഹായങ്ങൾ പ്രവഹിക്കുമ്പോഴും, ഹിമാലയൻ താഴ്‌വരയിലെ രക്ഷാപ്രവർത്തനം ഇപ്പോഴും വെല്ലുവിളികൾ നിറഞ്ഞതായി തുടരുകയാണ്.








