ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. വാൽമീകി സമുദായത്തിൽപ്പെട്ട അമിത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 196, 299 വകുപ്പുകളും പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ 3(1)(q) വകുപ്പും ചുമത്തിയാണ് ഹൽദ്വാനി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ ശുദ്ധികലശം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെതിരെ തന്നെ പോലീസ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഹൽദ്വാനി സിറ്റി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
ഓഗസ്റ്റ് 29-ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹൽദ്വാനിയിൽ നടന്ന പരമ്പരാഗത മതപരമായ ശുദ്ധീകരണ ചടങ്ങിന്റെ വസ്തുതകൾ പരിശോധിക്കാതെ രാഹുൽ സംസാരിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ആചാരപരമായ ചടങ്ങിനെ അയിത്തം ആചരിക്കലായും പട്ടികജാതി വിഭാഗത്തിനെതിരെയുള്ള അതിക്രമമായും ചിത്രീകരിച്ചതിലൂടെ രാഹുൽ ഗാന്ധി സമൂഹത്തിൽ ജാതീയമായ ചേരിതിരിവും ശത്രുതയും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേസ് എടുത്ത് ഭയപ്പെടുത്തി പിന്മാറ്റാമെന്ന് ആരും കരുതേണ്ടെന്ന് വ്യക്തമാക്കി ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. ഉത്തരാഖണ്ഡിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും വ്യാപകമായി പരാതികൾ നൽകി വിഷയത്തിൽ വൻ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് പാർട്ടി പ്രവർത്തകരുടെ നീക്കം.








