കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ എന്ന വിദ്യാർത്ഥി സംവാദ പരിപാടിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയെയും രൂക്ഷമായി പരിഹസിച്ച് ഭാരതീയ ജനതാ യുവമോർച്ചയുടെ (ബിജെവൈഎം) പുതിയ ദേശീയ പ്രസിഡന്റായി ചുമതലയേറ്റ വഡോദര എംപി ഹേമംഗ് ജോഷി. രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വത്തെയും ഭാരതീയതയെയും കുറിച്ചുള്ള അറിവുകേടുകൾ കണ്ട് യുവതലമുറ ചിരിക്കുകയാണെന്നും, അദ്ദേഹത്തിന്റെ പരിപാടികളിലേക്ക് യുവാക്കൾ എത്തുന്നത് പ്രധാനമായും സംഗീത പരിപാടികൾ ആസ്വദിക്കാൻ മാത്രമാണെന്നും ജോഷി ആരോപിച്ചു.
യുവാക്കളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധി അതിനൊരു പരിഹാരവും മുന്നോട്ട് വെക്കാറില്ലെന്നും, നേട്ടങ്ങളിൽ പോലും പോരായ്മകൾ കണ്ടെത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം സംസാരിക്കവെ അദ്ദേഹം കുറ്റപ്പെടുത്തി.
പ്രായമുണ്ടെന്ന് തോന്നിപ്പിക്കാൻ ചെറുപ്പകാലത്ത് കുർത്തയും പൈജാമയും ധരിച്ചിരുന്ന രാഹുൽ ഗാന്ധി, ഇപ്പോൾ പ്രായമായപ്പോൾ ചെറുപ്പക്കാരനായി കാണിക്കാൻ ടീഷർട്ടും ജീൻസും ധരിച്ച് വേഷം കെട്ടുകയാണെന്ന് ജോഷി പരിഹസിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കായി യുവാക്കളെ ഭിന്നിപ്പിച്ച് ബംഗ്ലാദേശിലോ നേപ്പാളിലോ ഉണ്ടായതിന് സമാനമായ അരാജകത്വം സൃഷ്ടിക്കാൻ ചില ശക്തികൾ ശ്രമിക്കുകയാണെന്നും, ഇത്തരം പ്രത്യയശാസ്ത്രപരമായ മലിനീകരണങ്ങളിൽ നിന്നും ലഹരിയിൽ നിന്നും യുവാക്കൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ അധ്യക്ഷൻ തേജസ്വി സൂര്യയുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് 2047-ഓടെയുള്ള ‘വികസിത് ഭാരത്’ ലക്ഷ്യത്തിലേക്ക് യുവാക്കളുടെ ഊർജ്ജത്തെ തിരിച്ചുവിടാനും, കൃത്രിമബുദ്ധി (എഐ), സ്റ്റാർട്ടപ്പുകൾ തുടങ്ങിയ നവമേഖലകളിൽ യുവതലമുറയെ തൊഴിൽദാതാക്കളാക്കി മാറ്റാനുമുള്ള പ്രവർത്തനങ്ങൾക്കായിരിക്കും സംഘടന മുൻഗണന നൽകുകയെന്നും ഹേമംഗ് ജോഷി വ്യക്തമാക്കി.









