അർദ്ധരാത്രിയിലുണ്ടായ അപ്രതീക്ഷിത ആരോഗ്യ അടിയന്തരാവസ്ഥയിൽ ഇന്ത്യയിലെ ആരോഗ്യ പരിപാലന രംഗത്തിന്റെ വേഗതയെയും ലഭ്യതയെയും പ്രശംസിച്ച് വനിതാ ഡോക്ടർ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. ഡോക്ടറായ ഭർത്താവിന് രാത്രിയിൽ പെട്ടെന്ന് കടുത്ത തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടപ്പോൾ, രാത്രി 10 മണിക്ക് പുറത്തിറങ്ങി ഞൊടിയിടയിൽ മരുന്നുകളും ഐവി ഇഞ്ചക്ഷനുകളും വാങ്ങി ചികിത്സ നൽകാൻ സാധിച്ച അനുഭവമാണ് ഡോ. ദീപാഞ്ജലി ശർമ്മ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇത്തരം അത്യാഹിത ഘട്ടങ്ങളിലാണ് ഇന്ത്യയിൽ ജീവിക്കുന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് നാം തിരിച്ചറിയുന്നതെന്ന് അവർ വീഡിയോയിൽ വ്യക്തമാക്കുന്നു.
യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ പോലും ഒരു ഡോക്ടറെ കാണുന്നതിനോ മരുന്ന് വാങ്ങുന്നതിനോ മണിക്കൂറുകളോളം വരിനിൽക്കേണ്ട അവസ്ഥയുണ്ടെന്നും, അവിടെയുള്ള എമർജൻസി വിഭാഗങ്ങളിലെ കടുത്ത തിരക്ക് കാരണം ഉടനടി സഹായം ലഭിക്കാൻ പ്രയാസമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു ഡോക്ടർക്ക് പോലും വിദേശത്ത് പലപ്പോഴും സമയത്തിന് മരുന്നുകൾ കിട്ടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരാറുണ്ട്.
എന്നാൽ ഇന്ത്യയിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന ഫാർമസികളും വേഗത്തിലുള്ള ആരോഗ്യ സേവനങ്ങളും വലിയൊരു ആശ്വാസമാണ്. ഇന്ത്യയിലെ ആരോഗ്യ മേഖല പൂർണ്ണമായും കുറ്റമറ്റതാണെന്നോ എല്ലാവർക്കും ഇത് ഒരുപോലെ പ്രാപ്യമാണെന്നോ താൻ അവകാശപ്പെടുന്നില്ലെന്നും, എന്നാൽ വിദേശത്തേക്ക് കുടിയേറിയാൽ എല്ലാം മികച്ചതായിരിക്കും എന്ന് കരുതുന്നവർ ഇത്തരം യാഥാർത്ഥ്യങ്ങൾ കൂടി മനസ്സിലാക്കണമെന്നും ദീപാഞ്ജലി കുറിച്ചു. ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് നേടുന്നത്.









