വി.ഡി. സവർക്കർ ഒരിക്കലും മുസ്‌ലിം വിഭാഗത്തെ വെറുത്തിരുന്നില്ലെന്നും അവരുടെ പുരോഗതിക്കായുള്ള വഴികളാണ് തന്റെ എഴുത്തുകളിലൂടെയും നിലപാടുകളിലൂടെയും അദ്ദേഹം പങ്കുവെച്ചതെന്നും ചെറുമകൻ സത്യകി സവർക്കർ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സമർപ്പിച്ച അപകീർത്തിക്കേസുമായി ബന്ധപ്പെട്ട് പൂണെ കോടതിയിൽ പ്രതിഭാഗം അഭിഭാഷകൻ നടത്തിയ ക്രോസ് വിസ്താരത്തിനിടയിലാണ് സത്യകി സവർക്കർ നിർണ്ണായകമായ ഈ വാദങ്ങൾ ഉന്നയിച്ചത്.
ലണ്ടനിൽ നടത്തിയ ഒരു പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി സവർക്കറെ മുസ്‌ലിം വിരോധിയായും ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ച വ്യക്തിയായും ചിത്രീകരിച്ച് സംസാരിച്ചുവെന്നാണ് സത്യകി സവർക്കറുടെ പരാതി. വി.ഡി. സവർക്കറുടെ ആശയങ്ങളും പുസ്തകങ്ങളും ചരിത്രവസ്തുതകളും തെറ്റായി വ്യാഖ്യാനിച്ചാണ് രാഹുൽ ഗാന്ധി രാഷ്ട്രീയ പ്രചാരണം നടത്തുന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. സവർക്കർ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് എതിരായിരുന്നില്ലെന്നും, മറിച്ച് എല്ലാവരുടെയും സാമൂഹിക പുരോഗതിയും ദേശീയ ഒരുമയും ലക്ഷ്യമിട്ടുള്ളതാണെന്നും സത്യകി സവർക്കർ വിസ്താരത്തിനിടെ വിചാരണക്കോടതിയെ അറിയിച്ചു.
മഹാരാഷ്ട്രയിലെ പൂണെ സ്പെഷ്യൽ കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നത്. സവർക്കർ കുടുംബത്തെയും അവരുടെ ചരിത്രപരമായ സംഭാവനകളെയും മോശമായി ചിത്രീകരിച്ച് സംസാരിച്ചതിനെതിരെയാണ് രാഹുൽ ഗാന്ധിക്കെതിരെ നിയമനടപടിയുമായി സത്യകി സവർക്കർ മുന്നോട്ടുപോകുന്നത്. കേസിൽ ഇരുഭാഗത്തുനിന്നുമുള്ള അഭിഭാഷകരുടെ വാദപ്രതിവാദങ്ങളും വിസ്താരങ്ങളും തുടരും.












