കേരളത്തിലെ കുടുംബങ്ങളിൽ വ്യക്തമായ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന ആരോപണവുമായി സിപിഎം നേതാവ് പി. ജയരാജൻ. മുൻകാലങ്ങളിൽ കേരളത്തിന്റെ തെരുവുകളിൽ പ്രധാനമായും ചതയദിന ഘോഷയാത്രകൾ മാത്രമായിരുന്നു സജീവമായി ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്സവങ്ങളെയും മതപരമായ ആഘോഷങ്ങളെയും രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ദുരുപയോഗം ചെയ്യുകയാണ് സംഘപരിവാർ സംഘടനകൾ ചെയ്യുന്നതെന്നും ജയരാജൻ പറഞ്ഞു. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ ചതയദിന റാലികൾക്കുണ്ടായിരുന്ന സ്വാധീനത്തെ മറികടക്കാനും കുടുംബങ്ങളിലേക്ക് നേരിട്ട് വഴിതുറക്കാനുമായി ആർഎസ്എസ് ആസൂത്രിതമായി നടപ്പാക്കിയ അജണ്ടയാണ് പിന്നീട് സംസ്ഥാനത്തുടനീളം വ്യാപിച്ച ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ എന്നാണ് അദ്ദേഹത്തിന്റെ വാദം. വിശ്വാസപരമായ ചടങ്ങുകളെ ജനങ്ങളിലേക്ക് സ്വാധീനം വളർത്താനുള്ള ശക്തമായ ഉപാധിയാക്കി മാറ്റുകയാണ് ആർഎസ്എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.











