ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയാലൊന്നും റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ. വാഴ്സോയിൽ പോളിഷ് വിദേശകാര്യ മന്ത്രി റഡൊസ്ലാവ് സിക്കോർസ്കിക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പോളണ്ട് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ് ഇന്ത്യയുടെ നിലപാട് അദ്ദേഹം ഒരിക്കൽക്കൂടി വ്യക്തമാക്കിയത്.
അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്ന ഈ വലിയ യുദ്ധത്തെ ശരിയായ രീതിയിൽ വിലയിരുത്താൻ നാം തയ്യാറാകണമെന്ന് ജയ്ശങ്കർ ആവശ്യപ്പെട്ടു. ആരെങ്കിലും എണ്ണയോ മറ്റ് ധാതുക്കളോ വളമോ വാങ്ങിയതുകൊണ്ടോ വാങ്ങാതിരുന്നതുകൊണ്ടോ യുദ്ധം അവസാനിക്കാൻ പോകുന്നില്ലെന്നും, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കീവ് സന്ദർശിച്ചപ്പോഴും യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയ്ശങ്കർ ഇതേ നിലപാട് ആവർത്തിച്ചിരുന്നു. ആഗോളതലത്തിൽ ഊർജ്ജ വിപണി കടുത്ത വെല്ലുവിളികൾ നേരിടുന്ന ഈ നിർണ്ണായക ഘട്ടത്തിൽ 140 കോടി വരുന്ന ഇന്ത്യൻ ജനതയുടെ ഊർജ്ജ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് സർക്കാരിന്റെ വലിയ ബാധ്യതയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വിഷയത്തിൽ യുക്രൈന്റെ വീക്ഷണത്തെ ഇന്ത്യ മാനിക്കുന്നുണ്ടെന്നും, അതുപോലെ ഇന്ത്യയുടെ സുപ്രധാന താല്പര്യങ്ങളെ മറ്റുള്ളവരും മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.








