നിങ്ങൾ സ്കൂളിൽ പഠിച്ച, ചുമരിൽ തൂക്കിയിട്ട ആ ലോകഭൂപടം ഇനി എടുത്തുകളഞ്ഞോളൂ! കാരണം നമ്മൾ ഇതുവരെ കണ്ടു ശീലിച്ച ലോകമല്ല യഥാർത്ഥത്തിലുള്ളത്. ഭൂമിയെക്കുറിച്ച് നമ്മൾ വച്ചുപുലർത്തിയ ഭൂമിശാസ്ത്രപരമായ ധാരണകളെ പൂർണ്ണമായും തിരുത്തിക്കുറിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ (UN) പുതിയ ലോകഭൂപടത്തിന് ഔദ്യോഗിക അംഗീകാരം നൽകിയിരിക്കുന്നു. ആഫ്രിക്കൻ വൻകരയുടെയും ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യൻ-ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെയും യഥാർത്ഥ വിസ്തൃതിയും വലിപ്പവും ലോകത്തിന് മുന്നിൽ കാണിച്ചുതരുന്ന പുതിയ ഭൂപടമാണിത്.
പതിനാറാം നൂറ്റാണ്ട് മുതൽ ആഗോളതലത്തിൽ ഉപയോഗിച്ചുവന്നിരുന്ന പരമ്പരാഗത ‘മെർക്കേറ്റർ പ്രൊജക്ഷൻ’ (Mercator Projection) ഭൂപടങ്ങൾ പൂർണ്ണമായി ഒഴിവാക്കാനും, പകരം കൃത്യതയുള്ള പുതിയ ഭൂപടം നടപ്പിലാക്കാനുമുള്ള ചരിത്രപരമായ പ്രമേയം യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ചു. 2018-ൽ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ‘ഈക്വൽ എർത്ത്’ (Equal Earth) മാപ്പ് പ്രൊജക്ഷനെ അടിസ്ഥാനമാക്കിയാണ് പുതിയ ഭൂപടം സജ്ജമാക്കിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയിൽ നടന്ന വോട്ടെടുപ്പിൽ ഭാരതം ഉൾപ്പെടെ 164 രാജ്യങ്ങൾ പുതിയ ഭൂപടത്തിനായി നിലകൊണ്ടപ്പോൾ, അമേരിക്ക (US) മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. മാറ്റം ‘അനാവശ്യമാണ്’ എന്നായിരുന്നു അമേരിക്കൻ പ്രതിനിധിയുടെ വാദം. എസ്തോണിയ, ജോർജിയ, ലിത്വാനിയ, മോൾഡോവ, സെർബിയ, യുക്രൈൻ എന്നീ 6 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
1569-ൽ ഗെരാർഡസ് മെർക്കേറ്റർ എന്ന ഭൂപട നിർമ്മാതാവ് ഉണ്ടാക്കിയ മെർക്കേറ്റർ മാപ്പാണ് നമ്മൾ ഇതുവരെ ഉപയോഗിച്ചിരുന്നത്. കപ്പൽ യാത്രക്കാർക്ക് ദിശ കണ്ടുപിടിക്കാൻ നിർമ്മിച്ച ഈ മാപ്പ്, ഒരു ഗോളാകൃതിയിലുള്ള ഭൂമിയെ പരന്ന കടലാസിലേക്ക് മാറ്റിയപ്പോൾ വമ്പൻ ക്രമക്കേടുകൾ വരുത്തിവച്ചു. ഭൂമധ്യരേഖയിൽ നിന്ന് അകന്നുനിൽക്കുന്ന യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ പാശ്ചാത്യ വികസിത രാജ്യങ്ങളെ അവയുടെ യഥാർത്ഥ വലുപ്പത്തേക്കാൾ മടങ്ങുകളോളം ‘വലുതാക്കി’ കാണിക്കുകയും, ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ആഫ്രിക്ക, ഇന്ത്യ, ദക്ഷിണേഷ്യൻ രാജ്യങ്ങളെ അങ്ങേയറ്റം ‘ചെറുതാക്കി’ മാറ്റുകയും ചെയ്തു. ഉദാഹരണത്തിന്, മെർക്കേറ്റർ ഭൂപടത്തിൽ ആഫ്രിക്കൻ വൻകരയുടെ അത്രയും വലിപ്പത്തിലാണ് ഗ്രീൻലാൻഡ് എന്ന ദ്വീപിനെ കാണിച്ചിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ആഫ്രിക്കൻ വൻകര ഗ്രീൻലാൻഡിനേക്കാൾ 14 മടങ്ങ് വലുതാണ്!
എന്നാൽ ‘ഈക്വൽ എർത്ത്’ പ്രൊജക്ഷൻ നിലവിൽ വന്നതോടെ ഈ ചരിത്രപരമായ തെറ്റുകൾ തിരുത്തപ്പെടുകയാണ്. ആഫ്രിക്കൻ വൻകര ഇനി മാപ്പിൽ ഭീമാകാരമായി കാണപ്പെടും; അമേരിക്കയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ആഫ്രിക്കയുടെ യഥാർത്ഥ രൂപം ലോകം കാണും. അതേസമയം യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പല രാജ്യങ്ങളും മുൻപത്തേക്കാൾ ചെറുതായി അഥവാ ‘മെലിഞ്ഞതായി’ മാറും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ യഥാർത്ഥ ഭൂമിശാസ്ത്രപരമായ അനുപാതം കൃത്യമായി അടയാളപ്പെടുത്തും. പാശ്ചാത്യ രാജ്യങ്ങൾക്ക് മാത്രം മുൻഗണന നൽകിയിരുന്ന വംശീയവും രാഷ്ട്രീയവുമായ മുൻവിധികളെ തിരുത്തിക്കുറിക്കാനും, ഭൂമിശാസ്ത്രപരമായ സമത്വം ആഗോളതലത്തിൽ കൊണ്ടുവരാനും ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് യുഎൻ വ്യക്തമാക്കുന്നു. ഇനി മുതൽ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കും, അന്താരാഷ്ട്ര പഠനങ്ങൾക്കും, വരാനിരിക്കുന്ന പുതിയ പാഠപുസ്തകങ്ങൾക്കും ഈ പുതിയ ഭൂപടമായിരിക്കും അടിസ്ഥാനം.












