മുംബൈയിലെ ബാന്ദ്രയിൽ പുതിയ കഫേ ആരംഭിച്ച സുഹൃത്തിന് ആശംസകൾ നേരുന്നതിനിടയിൽ ബോളിവുഡ് താരം സൽമാൻ ഖാൻ നൽകിയ രസകരമായ ഉപാധികളും മുന്നറിയിപ്പും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബാന്ദ്രയിൽ പുതുതായി പ്രവർത്തനമാരംഭിച്ച ‘ദി ടക്ക് ഷോപ്പ് അറ്റ് സാവിയോസ്’ എന്ന കഫേയുടെ ഉദ്ഘാടന വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് താരം വ്യത്യസ്തമായ ആശംസ അറിയിച്ചത്.
തന്റെ കോഫി തീരാതെ എപ്പോഴും നിറച്ചുതരണമെന്നും എന്നാൽ അതിന്റെ വില വർദ്ധിപ്പിക്കരുതെന്നും സൽമാൻ ഖാൻ കഫേ ഉടമയോട് തമാശയായി ആവശ്യപ്പെട്ടു. ഇതോടൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരവും വൃത്തിയും കർശനമായി പാലിക്കണമെന്നും താരം ഓർമ്മിപ്പിച്ചു. ശുചിത്വം കൃത്യമായി പാലിച്ചില്ലെങ്കിൽ താൻ അയാളെ ഇങ്ങോട്ടേക്ക് അയക്കുമെന്നും അതോടെ എല്ലാം അവസാനിക്കുമെന്നും സൽമാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
പേര് പരസ്യമായി പരാമർശിച്ചില്ലെങ്കിലും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) കമ്മീഷണർ തുക്കാറാം മുണ്ടെയെ ഉദ്ദേശിച്ചാണ് സൽമാൻ ഖാന്റെ ഈ പരോക്ഷ മുന്നറിയിപ്പെന്നാണ് കരുതപ്പെടുന്നത്. ഭക്ഷണശാലകളിലെ സുരക്ഷാ വീഴ്ചകൾക്കെതിരെയും ശുചിത്വമില്ലായ്മക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിച്ച് വാർത്തകളിൽ നിറഞ്ഞ ഉദ്യോഗസ്ഥനാണ് തുക്കാറാം മുണ്ടെ.
നിരവധി ഹോട്ടലുകളിലും പ്രമുഖ ഫുഡ് ചെയിനുകളിലും അദ്ദേഹം നേരിട്ട് പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾ താൽക്കാലികമായി പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്.








