വേഗതകൊണ്ടും അത്യാധുനിക യാത്രാസൗകര്യങ്ങൾ കൊണ്ടും ശ്രദ്ധേയമായ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ കരുത്ത് അവയുടെ അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യ കൂടിയാണെന്ന് തെളിയിക്കുന്നു. ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോഴും ട്രെയിനിനെ പെട്ടെന്നും അതീവ സുരക്ഷിതമായും നിർത്തുവാൻ സഹായിക്കുന്ന ഇലക്ട്രോ-ന്യൂമാറ്റിക്, റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനങ്ങളാണ് വന്ദേഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്.
ബ്രേക്ക് പ്രയോഗിക്കുമ്പോൾ ആദ്യം മുൻഗണന നൽകുന്നത് റീജനറേറ്റീവ് ബ്രേക്കിംഗിനാണ്. കൂടുതൽ ബ്രേക്കിംഗ് പവർ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ന്യൂമാറ്റിക് ബ്രേക്കുകളും പ്രവർത്തിക്കുന്നു. ഒരൊറ്റ സംവിധാനത്തെ മാത്രം ആശ്രയിക്കാതെ ഈ രണ്ട് സാങ്കേതികവിദ്യകളും സംയോജിപ്പിച്ചാണ് ട്രെയിനിന്റെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കിയിരിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ പോലും എമർജൻസി ബ്രേക്ക് ഉപയോഗിച്ച് 1,250 മീറ്ററിൽ താഴെ ദൂരത്തിനുള്ളിൽ ട്രെയിൻ പൂർണ്ണമായും നിർത്താൻ കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം പ്രവർത്തനരഹിതമായാൽ പോലും ട്രെയിനിന്റെ സുരക്ഷിത നില ഉറപ്പാക്കാൻ സാധിക്കും.
ട്രെയിനിന്റെ വേഗത കുറയ്ക്കുക മാത്രമല്ല, ഊർജ്ജ സംരക്ഷണത്തിനും ഈ സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കുന്നുണ്ട്. ട്രെയിൻ വേഗത കുറയ്ക്കുന്ന സമയത്ത് മോട്ടോർ ഒരു ജനറേറ്ററായി പ്രവർത്തിച്ച്, ചലനോർജ്ജത്തിന്റെ ഒരു ഭാഗം വൈദ്യുതിയാക്കി മാറ്റി റെയിൽവേയുടെ ഇലക്ട്രിക്കൽ ഗ്രിഡിലേക്ക് തിരികെ നൽകുന്നു. ബ്രേക്കിംഗിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിന്റെ കുറഞ്ഞത് മുപ്പത് ശതമാനമെങ്കിലും ഇത്തരത്തിൽ പുനരുപയോഗിക്കാനാണ് വന്ദേഭാരതിന്റെ മാനദണ്ഡങ്ങൾ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ രാജസ്ഥാനിലെ കോട്ട ഡിവിഷനിൽ വച്ച് വന്ദേഭാരത് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ചരക്ക് ട്രെയിനിന്റെ എമർജൻസി ബ്രേക്കിംഗ് ഡിസ്റ്റൻസ് (ഇബിഡി) പരിശോധന വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഉണങ്ങിയതും നനഞ്ഞതുമായ ട്രാക്കുകളിൽ ഒരേപോലെ എമർജൻസി ബ്രേക്ക് പ്രയോഗിച്ച് നടത്തിയ ഈ പരീക്ഷണം വന്ദേഭാരതിന്റെ ബ്രേക്കിംഗ് ക്ഷമതയും ഉയർന്ന സാങ്കേതിക മികവും അടിവരയിടുന്നതാണ്.








