ആകാശയുദ്ധത്തിന് പിന്നാലെ അമേരിക്ക-ഇറാൻ സംഘർഷം കടലിലേക്കും വ്യാപിക്കുന്നു. ഇരുപക്ഷവും പരസ്പരം കപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകളാണ് കടലിൽ തകർക്കപ്പെട്ടത്. ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾ അമേരിക്ക തകർത്തപ്പോൾ, രണ്ട് അമേരിക്കൻ പടക്കപ്പലുകൾ ഉൾപ്പെടെ ആറ് കപ്പലുകൾക്ക് നേരെ ശക്തമായ തിരിച്ചടി നൽകിയതായി ഇറാൻ അവകാശപ്പെട്ടു.
യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്രയും കനത്ത തോതിൽ വാണിജ്യ-സൈനിക കപ്പലുകൾ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും സംഹാരതാണ്ഡവമാടുന്നത്. ഖർഗ് ദ്വീപിന് സമീപത്തെ ടാങ്കറിന് പുറമെ ജസക് മേഖലയിൽ വെച്ച് ‘എം ടി സ്റ്റാർക്’ എന്ന കപ്പലിന് നേരെയും അമേരിക്കൻ ആക്രമണമുണ്ടായി. ഇതിൽ ‘എം ടി കീലോ’ എന്ന ഇറാനിയൻ എണ്ണ ടാങ്കർ ഒമാൻ കടലിന് സമീപം പൂർണ്ണമായും മുങ്ങിത്താണു.
അതേസമയം, അമേരിക്കയുടെ ഒരു വിമാനവാഹിനിക്കപ്പലിനെയും മറ്റൊരു ചെറു പടക്കപ്പലിനെയും ആളില്ലാ ബോട്ടിനെയും ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തിയെന്നാണ് ഇറാന്റെ വെളിപ്പെടുത്തൽ. ആക്രമണം നടന്നതായി യുഎസ് സ്ഥിരീകരിച്ചെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്നാണ് അവരുടെ വിശദീകരണം. എന്നാൽ തങ്ങളുടെ പ്രത്യാക്രമണത്തെത്തുടർന്ന് യുഎസ് പടക്കപ്പലുകൾക്ക് നിലയുറപ്പിച്ച സ്ഥാനത്തുനിന്ന് പിൻവാങ്ങേണ്ടി വന്നതായി ടെഹ്‌റാൻ വാദിച്ചു.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമിക്കുന്ന ഓരോ കപ്പലിനും അതേ അളവിൽ കനത്ത തിരിച്ചടി നൽകുമെന്നാണ് യുഎസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംഘർഷം കൂടുതൽ രൂക്ഷമായതോടെ നിരപരാധികളായ നാവികരുടെ ജീവൻ കടുത്ത ഭീഷണിയിലാവുകയും ആഗോള എണ്ണ വിപണിയിൽ വൻ ആശങ്ക പടരുകയും ചെയ്തിരിക്കുകയാണ്.








