മുംബൈ: രാജ്യത്തെ ഏറ്റവും ജനപ്രിയ മദ്യ ബ്രാൻഡുകളിലൊന്നായ ‘ഓൾഡ് മങ്ക്’ നിലവിലെ ചേരുവയോടെ ‘റം’ എന്ന പേരിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (FSSAI) ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ന്യൂട്രൽ സ്പിരിറ്റിൽ റം ഫ്ലേവറുകൾ ചേർത്താണ് ഉൽപ്പന്നം നിർമ്മിക്കുന്നത്. അതിനാൽ ഇതിനെ ‘റം’ എന്നതിന് പകരം ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ (Rum-flavoured spirit) എന്ന് മാത്രമായിരിക്കണം ലേബൽ ചെയ്യേണ്ടതെന്നാണ് അതോറിറ്റിയുടെ വാദം. മഹാരാഷ്ട്രയിലെ വിൽപന നിരോധനത്തിനെതിരെ ഓൾഡ് മങ്കിന്റെ ഉൽപ്പാദകരായ മോഹൻ റോക്കി സ്പ്രിംഗ്‌വാട്ടർ നൽകിയ ഹർജിയിലാണ് അതോറിറ്റി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഓൾഡ് മങ്ക് ബോട്ടിലുകളിൽ രേഖപ്പെടുത്തിയിരുന്ന ‘സെവൻ ഇയേഴ്‌സ് ഓൾഡ് ബ്ലെൻഡഡ്’ (7 years old blended) എന്ന വാചകം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എഫ്.എസ്.എസ്.എ.ഐ കോടതിയിൽ ചൂണ്ടിക്കാട്ടി. കുപ്പിയിലെ മുഴുവൻ മദ്യവും ഏഴ് വർഷം പഴക്കമുള്ളതാണെന്ന തെറ്റിദ്ധാരണ സാധാരണക്കാരിലുണ്ടാക്കാൻ ഇത് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. കുപ്പിയിലുള്ള മദ്യത്തിലെ യഥാർത്ഥ റം സ്പിരിറ്റിന്റെ അളവ് അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്നും ബാക്കി ഭാഗം ഫ്ലേവറുകൾ ചേർത്ത ന്യൂട്രൽ സ്പിരിറ്റാണെന്നുമാണ് പരിശോധനാ റിപ്പോർട്ട്.
മദ്യത്തിൽ ചേർത്തിരിക്കുന്ന കൃത്രിമ ഫ്ലേവറുകളെക്കുറിച്ചുള്ള വിവരങ്ങൾ കുപ്പിയുടെ ലേബലിൽ വളരെ ചെറിയ അക്ഷരങ്ങളിലാണ് ചേർത്തിരിക്കുന്നതെന്നും സാധാരണക്കാർക്ക് ഇത് വായിച്ചെടുക്കാൻ ബുദ്ധിമുട്ടാണെന്നും കോടതി ഓർമ്മിപ്പിച്ചു. ഇതോടെ, എഫ്.എസ്.എസ്.എ.ഐ ഉന്നയിച്ച തടസ്സവാദങ്ങൾ കണക്കിലെടുത്ത് ബോട്ടിലുകളിലെ ‘സെവൻ ഇയേഴ്‌സ് ഓൾഡ് ബ്ലെൻഡഡ്’ എന്ന വാചകം ഒഴിവാക്കാമെന്നും ഫ്ലേവറുകളെക്കുറിച്ചുള്ള വിവരങ്ങൾ വലിയ അക്ഷരങ്ങളിൽ ചേർക്കാമെന്നും നിർമ്മാണ കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്. പുതുക്കിയ ലേബലുകളുടെ മാതൃക പരിശോധിക്കാൻ അതോറിറ്റിക്ക് സമയം അനുവദിച്ച കോടതി കേസ് കൂടുതൽ വാദത്തിനായി മാറ്റിവെച്ചു.












