അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രഥമ സിഇഒ എയർ മാർഷൽ ജീതേന്ദ്ര മിശ്ര (റിട്ട.) എന്ന പേരിൽ വ്യാജ നൃത്ത വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ വിവാദത്തിൽ. ‘അനിമൽ’ എന്ന ചിത്രത്തിലെ ‘ജമാൽ കുഡു’ എന്ന ഗാനത്തിന് നടൻ ബോബി ഡിയോളിന്റെ നൃത്തച്ചുവടുകൾ അനുകരിക്കുന്ന ഒരാളുടെ വീഡിയോ, അത് ജീതേന്ദ്ര മിശ്രയാണെന്ന അവകാശവാദത്തോടെയാണ് ദിപ്കെ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്.
വ്യക്തിജീവിതത്തിൽ ആരെന്ത് ചെയ്യുന്നു എന്നതിൽ തെറ്റില്ലെന്നും, എന്നാൽ രാമക്ഷേത്ര ട്രസ്റ്റ് സിഇഒ അല്ലാത്ത സാധാരണ ഒരാളാണ് ഇതെങ്കിൽ ‘ധർമ്മത്തിന്റെ മൊത്തക്കച്ചവടക്കാർ’ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ചിന്തിക്കണമെന്നും അഭിജിത്ത് കുറിച്ചിരുന്നു. മതം പറഞ്ഞ് ആളുകളെ കബളിപ്പിക്കാൻ ആരെയും അനുവദിക്കരുതെന്നും പോസ്റ്റിൽ കൂട്ടിച്ചേർത്തു.
എന്നാൽ വീഡിയോയിലുള്ളത് ജീതേന്ദ്ര മിശ്രയല്ലെന്ന് വ്യക്തമാക്കപ്പെടുകയും ദിപ്കെ റീട്വീറ്റ് ചെയ്ത യഥാർത്ഥ പോസ്റ്റ് നീക്കം ചെയ്യപ്പെടുകയും ചെയ്തതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. വീഡിയോയിലെ വ്യക്തി ജീതേന്ദ്ര മിശ്രയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെന്നും, വ്യക്തികളുടെ സ്വകാര്യ തിരഞ്ഞെടുപ്പുകളെ വിമർശിക്കാനല്ല മറിച്ച് ഓരോരുത്തരുടെയും പദവി നോക്കി സമൂഹം കാട്ടുന്ന കാപട്യത്തെ തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
എങ്കിലും സത്യസന്ധമല്ലാത്ത വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് സാമൂഹിക മാധ്യമങ്ങളിൽ ദിപ്കെയ്ക്കെതിരെ വലിയ വിമർശനവും ട്രോളുകളുമാണ് ഉയരുന്നത്. സെപ്റ്റംബർ രണ്ടിനാണ് വ്യോമസേനയിൽ യുദ്ധസേവാ മെഡൽ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയ 62-കാരനായ എയർ മാർഷൽ ജീതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ആയി നിയമിതനായത്.








