കേരള ക്രിക്കറ്റ് ലീഗ് 2026-ന്റെ സമാപന നിമിഷങ്ങൾ സാക്ഷ്യം വഹിച്ചത് ഗ്രൗണ്ടിലെ ആവേശത്തേക്കാൾ വലിയൊരു മൗനപ്പോരിനായിരുന്നു. ഒരു കാലത്ത് അനിയനെപ്പോലെ ഒപ്പം നിർത്തിയ മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്തും, ഇന്ന് മലയാളികളുടെ അഭിമാനമായി മാറിയ സഞ്ജു സാംസണും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് പുരസ്കാര വേദിയിൽ അണപൊട്ടിയത്. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെ ഉപദേശകനും സഹ ഉടമയുമായ ശ്രീശാന്ത് ഫെയർപ്ലേ അവാർഡ് ഏറ്റുവാങ്ങാനായി സ്റ്റേജിലേക്ക് കയറിവരുമ്പോൾ കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായ സഞ്ജുവും വേദിയിലുണ്ടായിരുന്നു.
വേദിയിലുണ്ടായിരുന്ന മറ്റെല്ലാവർക്കും ശ്രീശാന്ത് കൈകൊടുത്തു മുന്നോട്ടുപോയപ്പോൾ, സഞ്ജുവിനെ കണ്ട ഭാവം പോലും നടിച്ചില്ല. സഞ്ജുവാകട്ടെ തിരിഞ്ഞുനോക്കാൻ പോലും കൂട്ടാക്കാതെ മുഖം വെട്ടിച്ചുനിന്നു. ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ പരസ്പരം മിണ്ടാതെ ഇരുവരും ഒഴിഞ്ഞുമാറിയ ഈ രംഗങ്ങൾ മൊബൈൽ ക്യാമറകളിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്. പഴയ സൗഹൃദത്തിന് എവിടെയാണ് വിള്ളൽ വീണതെന്ന അന്വേഷണത്തിലാണ് ഇപ്പോൾ ആരാധകർ.
2013-ൽ സഞ്ജു രാജസ്ഥാൻ റോയൽസിലേക്ക് എത്തിയതിൽ താൻ വഹിച്ച പങ്കിനെ സഞ്ജു പിന്നീട് തമസ്കരിച്ചുവെന്ന ശ്രീശാന്തിന്റെ പരസ്യമായ അതൃപ്തിയാണ് ഈ അകൽച്ചയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക ക്രിക്കറ്റിൽ തന്നെ തുടരെ സിക്സറുകൾ പറത്തിയ പയ്യനാണെന്ന് പറഞ്ഞ് രാഹുൽ ദ്രാവിഡിന് മുന്നിൽ സഞ്ജുവിനെ പരിചയപ്പെടുത്തിയതും, കേരളത്തിലെ താരങ്ങൾക്ക് രാജസ്ഥാനിലേക്ക് വിമാന ടിക്കറ്റ് എടുത്തുനൽകി ട്രയൽസിന് എത്തിച്ചതും താനാണെന്ന് ശ്രീശാന്ത് മുൻപ് തുറന്നുപറഞ്ഞിരുന്നു. എന്നാൽ സഞ്ജു ഹിന്ദിയിലും മലയാളത്തിലും വ്യത്യസ്ത രീതിയിലാണ് കാര്യങ്ങൾ പറഞ്ഞതെന്നും ദ്രാവിഡ് നേരിട്ട് വിളിച്ചുവരുത്തിയെന്ന മട്ടിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും ശ്രീശാന്ത് അടുത്തിടെ ആരോപിച്ചിരുന്നു. ഒരുകാലത്ത് ശ്രീശാന്ത് തന്നെ കൈപിടിച്ചുയർത്തിയ കഥകൾ സഞ്ജുവും അഭിമുഖങ്ങളിൽ ഓർത്തെടുത്തിട്ടുണ്ടെങ്കിലും, നിലവിൽ ഇരുവരും തമ്മിലുള്ള ഈ ശീതയുദ്ധം പെട്ടെന്ന് തന്നെ ചർച്ചകളിൽ നിറയുകയാണ്.












