ആഗോള വേദിയിലെ ഇന്ത്യയുടെ കാര്യക്ഷമതയെയും നേതൃത്വപാടവത്തെയും പ്രശംസിച്ച് ലക്സംബർഗ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സാവ്യർ ബെറ്റൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഉറപ്പ് നൽകിയാൽ അത് കൃത്യമായി പ്രാവർത്തികമാക്കാറുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ന്യൂഡൽഹിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. പറയുന്ന കാര്യങ്ങൾ അപ്പടി നടപ്പിലാക്കുന്നതാണ് മോദിയുടെയും വിദേശകാര്യ മന്ത്രിയുടെയും പ്രവർത്തനശൈലിയെന്നും, ആഗോള പ്രതിസന്ധികളിൽ രാജ്യങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ പാലങ്ങൾ പണിയാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി കാലത്ത് ഇന്ത്യയും ലക്സംബർഗും തമ്മിലുണ്ടായിരുന്ന സഹകരണം അനുസ്മരിച്ച അദ്ദേഹം, വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ കാണിച്ച വേഗതയും കാര്യക്ഷമതയും തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയെന്ന് വ്യക്തമാക്കി. യൂറോപ്പിൽ ഒരു വാക്ക് നൽകിയാൽ അതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുക മാത്രമാണ് ചെയ്യുന്നതെങ്കിൽ, ഇന്ത്യയിൽ പ്രധാനമന്ത്രി വാക്ക് നൽകിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ എല്ലാം പ്രാവർത്തികമായിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള സംഘർഷങ്ങൾക്കിടയിൽ പ്രായോഗികമായ സമീപനത്തോടെ രാജ്യങ്ങളെ ഒന്നിപ്പിക്കാൻ ഇന്ത്യ വഹിക്കുന്ന പങ്ക് ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നത്തെ ലോകം നേരിടുന്ന വിവിധ യുദ്ധങ്ങളിലും സംഘർഷങ്ങളിലും ഇതേ കാര്യക്ഷമതയോടെയുള്ള ഇടപെടൽ തുടരാൻ ഇന്ത്യക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലക്സംബർഗും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുന്നതിനൊപ്പം ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന് (എഫ്‌ടിഎ) ലക്സംബർഗ് നൽകുന്ന ശക്തമായ പിന്തുണയ്ക്ക് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നന്ദി അറിയിച്ചു. സെപ്റ്റംബർ 7 മുതൽ 9 വരെയുള്ള മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സാവ്യർ ബെറ്റൽ ഐഐടി മദ്രാസിലെ പരിപാടികൾക്കും എസ്ഇഎസ് പുതിയ കാമ്പസ് ഉദ്ഘാടനത്തിനുമായി ചെന്നൈയും സന്ദർശിക്കും.










