തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നു മുതൽ മൂന്ന് ദിവസത്തേക്ക് (സെപ്റ്റംബർ 7 മുതൽ 9 വരെ) താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അന്തരീക്ഷത്തിൽ അൾട്രാവയലറ്റ് (UV) വികിരണങ്ങളുടെ തോത് ഉയർന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.
സൂപ്പർ എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴമേഘങ്ങൾ കുറഞ്ഞതും സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്നതുമാണ് പെട്ടെന്ന് അന്തരീക്ഷ താപനില ഉയരാൻ കാരണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ചൂടിന് ശേഷം ഇന്ന് സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിൽ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് 31.6 ഡിഗ്രി സെൽഷ്യസും, കൊച്ചിയിൽ 31 ഡിഗ്രിയും, തിരുവനന്തപുരത്ത് 32 ഡിഗ്രി സെൽഷ്യസുമാണ് ഇന്നത്തെ താപനില. കഴിഞ്ഞ ദിവസം 35.2 ഡിഗ്രി രേഖപ്പെടുത്തിയ പുനലൂരിൽ ഇന്ന് ചൂട് രണ്ട് ഡിഗ്രിയോളം കുറഞ്ഞിട്ടുണ്ട്. എങ്കിലും വരും ദിവസങ്ങളിൽ ചൂട് വീണ്ടും കുതിച്ചുയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കുന്നു.












