സംസ്ഥാനത്ത് കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. പത്ത് തവണ ജനവിധി തേടിയ ആളാണ് താനെന്നും ഇനി ഒരു തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന കാര്യം എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തവണയും ഇതേ നിലപാടാണ് താൻ സ്വീകരിച്ചിരുന്നതെന്നും പാർട്ടി നേതൃത്വം എടുക്കുന്ന ഏത് അന്തിമ തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും വേഗം പുതിയ കെപിസിസി അധ്യക്ഷനെ നിയോഗിക്കണമെന്നതാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം. എംപിമാരും എംഎൽഎമാരും പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് പുതിയ കാര്യമല്ലെന്നും ജനപ്രതിനിധികളെ അധ്യക്ഷനാക്കരുതെന്ന് യാതൊരു കീഴ്‌വഴക്കവുമില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കെപിസിസി അധ്യക്ഷന്റെ നിയമനം ഒട്ടും വൈകരുതെന്നും സംസ്ഥാനത്ത് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഹുൽ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടു. ന്യൂഡൽഹിയിലെ പത്ത് ജൻപഥിൽ വെച്ച് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ച കൂടിക്കാഴ്ചയിൽ അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം ഒട്ടും വൈകില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെയായിരുന്നു വി.ഡി. സതീശൻ കേരള ഹൗസിലേക്ക് മടങ്ങിയത്. സംസ്ഥാന കോൺഗ്രസിൽ അധ്യക്ഷ പദവിയെച്ചൊല്ലിയുള്ള സമവായ നീക്കങ്ങൾ ഇതോടെ കൂടുതൽ നിർണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.









