രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിലെ ധാരണയെന്നും, തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രധാനമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവായതുകൊണ്ട് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നുവെങ്കിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും അർഹതയുണ്ടെന്നും, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ സഖ്യം യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുള്ള ചില പ്രസ്താവനകൾ അപക്വവും അനാവശ്യവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് ശക്തമായിരിക്കുകയാണ്. തമിഴക വെട്രി കഴകം (ടിവികെ) നേതാവ് സി. ജോസഫ് വിജയ്യെ 2029-ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ തമിഴ്നാട് മന്ത്രിസഭയിലുള്ള രണ്ട് കോൺഗ്രസ് മന്ത്രിമാരും രാജി വെക്കുമെന്ന് മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാഹുൽ ഗാന്ധി തന്നെയായിരിക്കും മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് നേതാവ് മണിക്കം ടാഗോറും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഇന്ത്യാ മുന്നണിയിൽ സമവായമില്ലെന്ന രീതിയിലുള്ള സിപിഎം നിലപാടും കോൺഗ്രസിന്റെ കടുപ്പിച്ച നിലപാടും ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.








