തിരുവനന്തപുരം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവർ എംഎൽഎയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെയോ ബോർഡുകളുടെയോ ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന ആവശ്യവുമായി ദേശീയ വിവരാവകാശ കൂട്ടായ്മ രംഗത്ത്. 12 ക്രിമിനൽ കേസുകളിൽ പ്രതിയായ അൻവർ പൊതുമേഖലാ സ്ഥാപനങ്ങളിൽ പദവികൾ അലങ്കരിക്കാൻ യോഗ്യനല്ലെന്ന് വാർത്താ സമ്മേളനത്തിൽ വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്റർ കെ.വി. ഷാജി ആരോപിച്ചു.
പൊതുമേഖലാ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെഎഫ്സി) നിന്ന് തട്ടിപ്പ് നടത്തി പണം തട്ടിയെടുത്തതും, പരിസ്ഥിതിക്ക് കടുത്ത നാശനഷ്ടങ്ങൾ വരുത്തിവെച്ച് അനധികൃതമായി തടയണകൾ നിർമ്മിച്ചതും ഉൾപ്പെടെ നിരവധി ഗുരുതരമായ കേസുകളാണ് അൻവറിനെതിരെയുള്ളത്. കാപ്പ (KAAPA) നിയമപ്രകാരം നടപടി നേരിടേണ്ട വ്യക്തിയാണ് അൻവറെന്നും, അദ്ദേഹത്തിന് യാതൊരു കാരണവശാലും ഭരണപരമായ പദവികളോ ബോർഡ് ചെയർമാൻ സ്ഥാനങ്ങളോ നൽകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയതായും കെ.വി. ഷാജി തിരുവനന്തപുരത്ത് പറഞ്ഞു.
നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുകയും പൊതുമുതൽ ദുരുപയോഗം ചെയ്യുകയും ചെയ്ത വ്യക്തിക്ക് സർക്കാർ തലത്തിൽ ഉയർന്ന സ്ഥാനമാനങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും, ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കൂട്ടായ്മ വ്യക്തമാക്കി. മുൻപ് ഉയർന്നുവന്ന പരിസ്ഥിതി ലംഘന കേസും സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് കൂട്ടായ്മ അൻവറിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുവന്നിരിക്കുന്നത്.











